ബംഗാളിൽ പൗരത്വ നിയമം പ്രയോഗിക്കുന്നു; അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം അർഹരായ അപേക്ഷകർക്ക് ഡിസംബർ 31നകം ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അർഹരായ ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള അരംഗ്ഘട്ടയിൽ കാളിപൂജ പന്തൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നാദിയ, നോർത്ത് 24 പർഗാനാസ് ജില്ലകളിലായി ഏകദേശം 2.5 ലക്ഷം സിഎഎ അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ബംഗ്ലാദേശിൽനിന്ന് കുടിയേറിയവർ കൂടുതലുള്ള അതിർത്തി ജില്ലകളാണിവ.
അപേക്ഷകൾ വേഗത്തിൽ പരിശോധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ സബ് ഡിവിഷണൽ ഓഫീസർമാർ അപേക്ഷകരുടെ രേഖകൾ പരിശോധിക്കുകയും ആവശ്യമായ ഹിയറിങ്ങുകൾ നടത്തുകയും ചെയ്യും. ഇതിലൂടെ അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നേരത്തെയും സിഎഎ അപേക്ഷകളിൽ ഡിസംബർ 31നകം നടപടികൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്നിന് താക്കൂർനഗറിൽ നടന്ന അന്താരാഷ്ട്ര മാതുവാ ഗോസായി സമ്മേളനത്തിലായിരുന്നു ഇത്. പശ്ചിമ ബംഗാളിൽ ഇതുവരെ ഏകദേശം 25,000 പേർക്ക് മാത്രമാണ് സിഎഎ പ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2019ലാണ് പൗരത്വ ഭേദഗതി നിയമം (സിഎഎ) പാർലമെന്റ് പാസാക്കിയത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്ന ആറ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവർക്കാണ് നിയമത്തിലെ മറ്റ് നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാൻ കഴിയുക. നിയമത്തിൽ മുസ്‍ലിം വിഭാഗത്തെ ഒഴിവാക്കിയതിൽ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിരുന്നു. അപേക്ഷകളുടെ പരിശോധനയും തുടർനടപടികളും വേഗത്തിലാക്കി പൗരത്വം നൽകുകയാണ് സുവേന്ദു സർക്കാരിന് മുന്നിലുള്ള ലക്ഷ്യം.


