എഥനോൾ നിർമിക്കാൻ അനുവദിച്ച അരി സ്വകാര്യ മില്ലുകളിലേക്ക് കടത്തി; പിന്നിൽ വൻ അഴിമതിയെന്ന് സംശയം
text_fieldsപ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ സബ്‌സിഡി നിരക്കിൽ എഥനോൾ നിർമാണത്തിനായി അനുവദിച്ച അരി വൻതോതിൽ സ്വകാര്യ മില്ലുകളിലേക്ക് വഴിതിരിച്ചുവിടുന്നതായി കണ്ടെത്തൽ. സബ്‌സിഡി അരി സ്വകാര്യ മില്ലുകളിൽ എത്തിച്ച് അവിടെ നിന്ന് വീണ്ടും 'കസ്റ്റം മില്ലിങ്' ചെയ്ത് സർക്കാർ ഏജൻസികൾക്ക് തന്നെ ഉയർന്ന വിലക്ക് മറിച്ചുവിൽക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് നിയോഗിച്ചു.
ചിന്ദ്‌വാരയിലെ എഥനോൾ പ്ലാന്റിലേക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അയച്ച 242 ക്വിന്റൽ അരിയുമായി പോയ ട്രക്ക് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് കാണിച്ച് അധികൃതർ നൽകിയ പരാതിയാണ് അന്വേഷണത്തിന് തുടക്കമിട്ടത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ, കാണാതായ അരി ബാലാഘട്ടിലെ സ്വകാര്യ റൈസ് മില്ലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ട്രാൻസ്പോർട്ടർമാരും റൈസ് മില്ലുകളും എഥനോൾ കമ്പനികളും ഒത്തുചേർന്ന് സംസ്ഥാനവ്യാപകമായി നടത്തുന്ന ഒരു വലിയ അഴിമതി ശൃംഖലയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
എഥനോൾ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ എഥനോൾ പ്ലാന്റുകൾക്ക് വളരെ കുറഞ്ഞ നിരക്കിലാണ് അരി നൽകുന്നത്. എന്നാൽ ഈ അരി പ്ലാന്റുകളിൽ എത്തിക്കാതെ സ്വകാര്യ മില്ലുകൾ തട്ടിയെടുക്കുകയാണ്. എഫ്.സി.ഐ ഡിപ്പോകളിൽ നിന്ന് എഥനോൾ പ്ലാന്റുകളിലേക്ക് അയക്കുന്ന അരി, വഴിമധ്യേ സ്വകാര്യ മില്ലുകളിൽ എത്തിക്കും. അവിടെ ഈ അരി പാക്ക് ചെയ്ത് പുതിയ സ്റ്റോക്കായി കാണിച്ച് സർക്കാർ ഏജൻസികൾക്ക് തന്നെ ഉയർന്ന വിലക്ക് വിൽക്കും. ഇത്തരത്തിൽ ഒരു ചാക്ക് അരി തന്നെ പലതവണ സർക്കാരിന്റെ സംഭരണ പ്രക്രിയയിലേക്ക് തിരിച്ചെത്തുമ്പോൾ, യഥാർത്ഥ വിലയുടെ നാല് മുതൽ ആറ് വരെ ഇരട്ടി തുകയാണ് സർക്കാരിന് നഷ്ടമാകുന്നത്. ഈ തട്ടിപ്പ് സംസ്ഥാനത്തുടനീളം നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ഇതുവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എ.വി.ജെ അഗ്രിക്കോ പ്രൈവറ്റ് ലിമിറ്റഡിന്റെ ചിന്ദ്‌വാരയിലെ എഥനോൾ പ്ലാന്റ് പ്രതിനിധി രാഹുൽ പ്രതാപ്, ട്രക്ക് ഡ്രൈവർ ദുർഗേഷ് ഷെൻഡെ, മിൽ ഉടമ സൗരഭ് സഞ്ചേതി എന്നിവരുൾപ്പെടെയുള്ളവരാണ് കേസിൽ പ്രതികളായിരിക്കുന്നത്.
ചിന്ദ്‌വാരയിലേക്ക് ട്രക്കുകൾ പോയ അതേദിവസം തന്നെ മൂന്ന് ട്രക്കുകൾ എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് പുറപ്പെട്ടിരുന്നുവെങ്കിലും ഒന്നിൽ മാത്രമേ പരിശോധന നടന്നുള്ളൂ. ഇതിൽ നിന്ന്, ഇനിയും കണ്ടെത്താത്ത നിരവധി ലോഡുകൾ ഇത്തരത്തിൽ വഴിതിരിച്ചുവിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ബാലാഘട്ട് റേഞ്ച് ഐ.ജി ലളിത് ശാക്യവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അന്വേഷണം ഒരു വലിയ കുറ്റകൃത്യത്തിന്റെ തുടക്കം മാത്രമാണെന്നും പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.


