Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സ്വാതന്ത്ര്യം കിട്ടി...

'സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ജനങ്ങൾ കുടിവെള്ളത്തിനായി കോടതി കയറുന്നു; ഒഴികഴിവുകൾ പറയരുത്' -ബോംബെ ഹൈകോടതി

text_fields
bookmark_border
സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ജനങ്ങൾ കുടിവെള്ളത്തിനായി കോടതി കയറുന്നു; ഒഴികഴിവുകൾ പറയരുത് -ബോംബെ ഹൈകോടതി
cancel

മുംബൈ: രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് കോടതികളെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന് ബോംബെ ഹൈകോടതി. മഹാരാഷ്ട്രയിലെ മേൽഘട്ട് ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിലെയും മറ്റ് പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അജയ് എസ്. ഗാഡ്കരി, കമൽ ആർ. ഖാട്ട എന്നിവരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

സംസ്ഥാനത്തുടനീളം കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള കൃത്യമായ പദ്ധതി സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹരജിക്കാർ ആഡംബരമല്ല, മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അടിസ്ഥാന അവകാശമാണ് ചോദിക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചു. അമരാവതി ജില്ലയിലെ മേൽഘട്ട് ഉൾപ്പെടെയുള്ള ഗോത്രവർഗ മേഖലകളിൽ കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമിടയിൽ വർധിച്ചുവരുന്ന പോഷകാഹാരക്കുറവും കുടിവെള്ള ക്ഷാമവും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹരജികളാണ് കോടതി തിങ്കളാഴ്ച പരിഗണിച്ചത്.

കനത്ത വേനൽച്ചൂടിൽ മേൽഘട്ടിലെ മുന്നൂറോളം ഗ്രാമങ്ങളിലെ മനുഷ്യരും കന്നുകാലികളും ദാഹിച്ചു വലയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മേയ് 7ന് നടന്ന കഴിഞ്ഞ ഹരജിയിൽ കോടതി നിർദേശിച്ചിരുന്നു. ആവശ്യപ്പെടുന്ന മുറക്ക് ഗ്രാമങ്ങളിൽ വെള്ളമെത്തിക്കാൻ ടാങ്കറുകൾ സജ്ജമാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതിനെതിരെയാണ് കോടതി ഇന്ന് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

'സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും കുടിവെള്ളത്തിനായി ജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നു. നിങ്ങൾ ടാങ്കറുകളിൽ വെള്ളം നൽകുന്നത് ആർക്കും ചെയ്യുന്ന ഔദാര്യമല്ല, അത് നിങ്ങളുടെ കടമയാണ്. കുടിവെള്ളം കിട്ടാൻ ജനങ്ങൾ എന്തിനാണ് ആവശ്യപ്പെടുന്നത് വരെ കാത്തിരിക്കുന്നത്? ഒരു മനുഷ്യന് കുടിവെള്ളത്തിനായി 24 മണിക്കൂർ കാത്തിരിക്കാൻ കഴിയില്ല. മഹാരാഷ്ട്രയിലെ ഒരു പൗരന് കുടിവെള്ളം ലഭിക്കുന്നില്ല എന്നത് ലജ്ജാകരമാണ്.' - കോടതി വ്യക്തമാക്കി.

സർക്കാർ അഭിഭാഷകൻ മേൽഘട്ടിലെ സാഹചര്യം മാത്രം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ, കോടതി തങ്ങളുടെ നിരീക്ഷണം ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുക്കുന്നില്ലെന്നും സംസ്ഥാനത്തെ മുഴുവൻ സാഹചര്യത്തെയാണ് നോക്കുന്നതെന്നും വ്യക്തമാക്കി. 'ഞങ്ങൾ ഉത്തരവുകൾക്ക് മേൽ ഉത്തരവുകൾ പാസാക്കുകയാണ്... മഹാരാഷ്ട്ര ഒരു പുരോഗമന സംസ്ഥാനമാണെന്നാണ് നമ്മൾ പറയുന്നത്. ജനങ്ങൾക്ക് വെള്ളം നൽകാതിരിക്കാൻ ഞങ്ങളോട് ഒഴികഴിവുകൾ പറയരുത്. സംസ്ഥാനത്തെ അവസാനത്തെ വ്യക്തിക്കും കുടിവെള്ളം എങ്ങനെ ലഭ്യമാക്കുമെന്ന് വ്യക്തമാക്കുന്ന കൃത്യമായ ഒരു പദ്ധതിയാണ് ഞങ്ങൾക്ക് വേണ്ടത്,' എന്ന് കോടതി പറഞ്ഞു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ അടിയന്തിരമായി നടപ്പാക്കാവുന്ന പദ്ധതി സമർപ്പിക്കാൻ കോടതി സർക്കാരിന് കർശന നിർദേശം നൽകി.

Show Full Article
TAGS:Bombay highcourt water crisis judgement Tribal Issues India 
News Summary - 'Even after 75 years of independence, people are still going to court for drinking water; don't make excuses' - Bombay High Courtീ
Next Story