അച്ഛനെ തൽക്കാലത്തേക്ക് മറ്റൊരിടത്താക്കി, വീട് സൂക്ഷിക്കാൻ സുഹൃത്തുക്കളെ ഏൽപിച്ച് കശ്മീരിലേക്ക് പോയ ഹേമന്ത് ജോഷി തിരിച്ചെത്തുക ജീവനില്ലാതെ; നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കളും ബന്ധുക്കളും
text_fieldsചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ബിസിനസുകാരനായ പൃഥ്വിരാജ് ജോൻഡാലെക്ക് അയൽവാസിയായ ഹേമന്ത് ജോഷി സന്ദേശമയച്ചത്. ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി സന്ദർശിക്കേണ്ടതാണ് കശ്മീരിലെ ക്ഷീര ഭവാനി മാതാ മന്ദിർ എന്ന് ജോഷിയോട് പറയുകയും ചെയ്തു. ആറു മണിക്കൂറിനു ശേഷം ഭീകരാക്രമണത്തിൽ ഹേമന്ത് ജോഷി കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പൃഥ്വിരാജ് ജോൻഡാലെ അറിഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളാണ് 44കാരനായ ഹേമന്ത് ജോഷി. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ അതുൽ മോനെ, സഞ്ജയ് ലെലെ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അന്ധേരിയിലെ സ്വകാര്യ കാർഗോ കമ്പനി സീനിയർ എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോഷി. പ്രായമായ പിതാവിനെ ഡേകെയർ ഹോമിലാക്കിയാണ് ജോഷി ഭാര്യ മോണിക്കക്കും മകൻ ധ്രുവിനുമൊപ്പം കശ്മീരിലേക്ക് പോയത്. അക്കൗണ്ടന്റാണ് മോണിക്ക. 16 വയസുള്ള മകൻ മത്സര പരീക്ഷകൾക്ക് തയാറെടുക്കുകയാണ്. ഇവർക്കൊപ്പമാണ് മോനെയും ലെലെയും പോയത്. ഇരുവരുടെയും കുടുംബവും ഒപ്പമുണ്ടായിരുന്നു. റെയിൽവേ ഓഫിസറാണ് മോനെ.
ഹേമന്ത് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആദ്യനിലയിലായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. വലിയ തമാശക്കാരനായിരുന്നു അദ്ദേഹം. ശാന്തസ്വഭാവിയുമായിരുന്നു. അഞ്ചുവർഷമായി ഞങ്ങളുടെ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെ പെരുമാറ്റം തന്നെയായിരുന്നു ആ പദവിയിൽ തുടരാൻ കാരണവും. ഒരാളുമായി പോലും ഹേമന്ത് കലഹിക്കുന്നത് കണ്ടിട്ടില്ല.-പൃഥ്വിരാജ് പറയുന്നു.
കുടുംബം സുരക്ഷിതരാണെന്ന് കാണിച്ച് ധ്രുവ് സന്ദേശം അയച്ചപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്. എന്നാൽ ഹേമന്ത് മരിച്ചതായി പിന്നീട് അറിഞ്ഞു. സുഹൃത്തുക്കളെ പോലെയാണ് ഹേമന്ത് തന്നെ കൊണ്ടുനടന്നിരുന്നതെന്ന്
അദ്ദേഹത്തിന്റെ ഫ്ലാറ്റിന് സമീപം താമസിക്കുന്ന ഡോ. ജി.എൻ. പഞ്ച്പാണ്ഡെയും പറഞ്ഞു. കശ്മീരിൽ നിന്ന് തിരിച്ചെത്തുന്നത് വരെ വീട് നോക്കണമെന്നും പറഞ്ഞേൽപിച്ചു. ആദ്യം തന്നെ വാർത്തയറിഞ്ഞപ്പോൾ അത് സ്ഥിരീകരിക്കാനാണ് ശ്രമിച്ചത്. ശരിയാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുമ്പോഴേക്കും പൊലീസ് ഇവിടേക്കെത്തിയിരുന്നു. അവർ ഹേമന്ത് ജോഷിയുടെ താമസ സ്ഥലവും അന്വേഷിച്ചാണ് വന്നത്.-പഞ്ച്പാണ്ഡെ പറയുന്നു.
കശ്മീരിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പോലും ഹേമന്തുമായി കുറെ സമയം സംസാരിച്ചിരുന്നു.
ഒരുമിച്ച് ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ജൻമദിനത്തിന് ഹേമന്ദിന്റെ മകനാണ് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നതെന്നും ഓർക്കുകയാണ് കുടുംബ സുഹൃത്തായ രാജോഷ് പ്രസാദ്. വല്ലാത്തൊരു ദുരന്തമാണ് സംഭവിച്ചത്. അവർ 26 പേരെ കൊന്നുകളഞ്ഞു. അവരിൽ 270 പേരെ നമ്മുടെ സേനയും കൊന്നൊടുക്കി. നിരപരാധികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. അതിന് ഉറപ്പായും തിരിച്ചടിയുണ്ടാകും.-പ്രസാദ് കൂട്ടിച്ചേർത്തു.