Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിന് സംസ്ഥാന പദവി...

കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെടുമ്പോഴെല്ലാം ഭീകരാക്രമണങ്ങൾ എന്തുകൊണ്ട്?-നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുല്ല

text_fields
bookmark_border
https://www.madhyamam.com/tags/farooq-abdulla
cancel
camera_alt

ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ജമ്മു-കശ്മീർ നാഷണൽ കോൺഫറൻസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുമ്പോഴെല്ലാം ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

‘ഈ സംഭവം അത്യന്തം ദുഃഖകരമാണ്. ഇവരെ കൊലപ്പെടുത്തിയത് ആരാണെന്നും എങ്ങനെയാണ് ആക്രമണം നടന്നതെന്നും വ്യക്തമല്ല. അതിനാൽ കുറ്റവാളികളെ കണ്ടെത്താൻ നിഷ്പക്ഷമായ അന്വേഷണം നടത്തണം’ -ബാരാമുള്ളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

സംസ്ഥാന പദവി ആവശ്യപ്പെടുന്ന സമയങ്ങളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നത്. അതിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ല. ഇരുവരുടെയും കൊലപാതകത്തിൽ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് കുൽഗാമിലെ കേലം മേഖലയിലെ ഇഷ്ടിക നിർമാണശാലയിൽ നടന്ന ഭീകരാക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശികളായ ദീപക് റത്രെ, ബോപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ദീപക് റത്രെയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. പരിക്കേറ്റ ബോപീന്ദറെ ആദ്യം ജി.എം.സി അനന്ത്‌നാഗിലേക്കും തുടർന്ന് ശ്രീനഗറിലെ എസ്‌കിംസിലേക്കും മാറ്റിയെങ്കിലും ചികിത്സക്കിടെ മരിച്ചു.

കഴിഞ്ഞ ജൂലൈ 22 ന് അനന്ത്‌നാഗിലെ ലാൽ ചൗക്ക് പ്രദേശത്ത് അമർനാഥ് യാത്രാ ഡ്യൂട്ടിയിലായിരുന്ന ജമ്മു-കശ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിൾ അഷിഖ് ഹുസൈൻ തീ​വ്രവാദിയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

കാബിനറ്റ് മന്ത്രി ജാവേദ് റാണ, ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി എന്നിവരും ആക്രമണത്തിന്റെ സമയത്തെച്ചൊല്ലി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് ചില ഏജൻസികൾക്ക് താൽപര്യമില്ലെന്നും കൊലപാതകത്തിൽ അവർക്ക് പങ്കുണ്ടായേക്കാമെന്നും റാണ പറഞ്ഞു. കൊലപാതകത്തിൽ പാകിസ്താന് പങ്കുണ്ടെങ്കിൽ അവരെ ചോദ്യം ചെയ്യണമെന്നും എന്നാൽ, ജമ്മു-കശ്മീരിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ചൗധരി പറഞ്ഞു.

നേരത്തേ, ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് ഇൻഡ്യ മുന്നണിയുടെ പിന്തുണ ലഭിക്കാത്തതിലും ഫാറൂഖ് അബ്ദുല്ല കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും കോൺഗ്രസിൽ നിന്ന് പ്രതീക്ഷിച്ച പോലെ പിന്തുണയൊന്നും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തന്റെ പാർട്ടി പ്രതിബദ്ധതയുള്ള അംഗമായി മുന്നണിയിൽ തുടരുകയാണ്. എന്നിട്ടുപോലും സഖ്യം അതിന്റെ സാധ്യതകളിൽ പരാജയപ്പെട്ടു. ജമ്മു-കശ്മീരിന്റെ വിഷയത്തിൽ ശക്തമായതും ഏകീകൃതവുമായ സമീപനം വേണമെന്നാണ് ഫാറൂഖ് അബ്ദുല്ലയുടെ വാദം.

Show Full Article
TAGS:Kulgam terror attack Farooq Abdulla Jammu Kashmir Statehood National Conference Party 
News Summary - ഭീകരാക്രമണങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുല്ല
Next Story