പാർട്ടി കോൺഗ്രസിലെ ഫാഷിസം ചർച്ച; എമ്പുരാൻ ഇഫക്ട് എത്രത്തോളം?
text_fieldsമധുര: എമ്പുരാൻ സിനിമയിലെ കടുംവെട്ട് പോലെ ഫാഷിസത്തെക്കുറിച്ചുള്ള ചർച്ച സജീവമാകുമ്പോൾ, മധുരയിൽ ഇന്നാരംഭിക്കുന്ന സി.പി.എം 24ാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്റെ കേന്ദ്രബിന്ദു ഫാഷിസത്തെക്കുറിച്ചുള്ള സന്ദേഹമാണ്. മോഹൻലാലിനെ പോലുള്ള ഒരു ജനപ്രിയ താരത്തിന്റെ സിനിമ റീസെൻസറിങ്ങിന് നിർബന്ധിക്കപ്പെട്ടത് ഇന്ത്യയിൽ ഫാഷിസത്തിന്റെ പരസ്യപ്രഖ്യാപനം ആയാണ് പൊതുവിൽ ഉയർന്നുവന്ന ചർച്ചകൾ.
എന്നാൽ, രാജ്യത്ത് ഫാഷിസം വന്നുകഴിഞ്ഞു എന്ന് സി.പി.എം അംഗീകരിക്കുന്നില്ല. 10 വർഷം പിന്നിട്ട മോദി സർക്കാർ നവ ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് മാത്രമാണ് പാർട്ടി കോൺഗ്രസ് രാഷ്ട്രീയ രേഖയിലെ വിലയിരുത്തൽ. അതേസമയം, ഫാഷിസത്തിനെതിരായ നിലപാടിൽ വിട്ടുവീഴ്ച ഇല്ലെന്ന് പ്രമേയം ഉറപ്പിച്ചുപറയുന്നുമുണ്ട്.
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയത്തിൽ ഇതാദ്യമായി കടന്നുകൂടിയ ‘നവ ഫാഷിസം’ എന്ന പദപ്രയോഗത്തിൽ വ്യാപകമായ ചർച്ചയാണ് പ്രത്യേകിച്ച് കേരളത്തിൽ നടന്നത്. രാജ്യത്ത് ഫാഷിസം വന്നിട്ടില്ല, വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്ന സി.പി.എം നിലപാട് തള്ളി സി.പി.ഐ, സി.പി.ഐ (എം.എൽ) ഇടതു പാർട്ടികൾ രംഗത്തുണ്ട്.
എമ്പുരാൻ സിനിമ വിവാദത്തിന്റെ പശ്ചാത്തലം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയ ചർച്ചയെ എത്രത്തോളം സ്വാധീനിക്കും എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഹിറ്റ്ലറും മുസോളിനിയും നടപ്പാക്കിയ ക്ലാസിക് ഫാഷിസം ഇന്ത്യയിൽ ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന വിശദീകരണത്തോടെ രാഷ്ട്രീയ പ്രമേയത്തെ പൂർണമായും പിന്തുണക്കുന്ന നിലപാടാണ് കേരള ഘടകത്തിന്റെത്.
10 വർഷം മുമ്പ് എഴുതിയ ലേഖനത്തില് ഇന്ത്യയിലെ ബി.ജെ.പി ഭരണം ഫാഷിസ്റ്റെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. അതിനോട് വിയോജിച്ച സീതാറാം യെച്ചൂരി ഫാഷിസത്തെ അതിന്റെ ആരംഭകാലത്തുതന്നെ എതിർക്കാതെ ന്യായവാദങ്ങൾ നിരത്തുന്നവർ അതിന്റെ പ്രോത്സാഹകരാണെന്ന് തുറന്നെഴുതി.
യെച്ചൂരി -കാരാട്ട് പക്ഷങ്ങൾ പിന്നീട് പലകുറി കേന്ദ്ര കമ്മിറ്റിയിൽ ഇതുസംബന്ധിച്ച വാദപ്രതിവാദം ഉയർത്തിയെങ്കിലും അന്നത് പുറത്ത് ചർച്ചയായിരുന്നില്ല. പാർട്ടിക്കുള്ളിൽ തുടർന്നുപോന്ന ആശയ സംവാദം രാഷ്ട്രീയ പ്രമേയത്തിൽ പരസ്യപ്പെടുത്തി നേതൃത്വം പൊതു ചർച്ചക്ക് വെച്ചിരിക്കുന്നു എന്നുള്ളതാണ് മധുര പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുന്നത്.
വിഷയത്തിൽ സി.പി.എമ്മിന്റെ അന്തിമ നിലപാടറിയാൻ, മോദി ഭരണകൂടത്തിന്റെ പീഡനങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്ന ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളടക്കമുള്ളവർ ഏറെ ആഗ്രഹിക്കുന്നുമുണ്ട്.