മകനെ രക്ഷിക്കാൻ പുലിയെ കൊന്ന് അറുപതുകാരൻ; പുലിയെ കൊന്നതിന് കേസെടുത്ത് വനംവകുപ്പ്
text_fieldsസോമനാഥ് ഗിർ: മകനെ രക്ഷിക്കാൻ അറുപതുകാരൻ പുള്ളിപ്പുലിയെ അരിവാൾകൊണ്ട് വെട്ടിക്കൊന്നു.
ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ വെരാവലിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗംഗാദ വില്ലേജിലാണ് സംഭവം.
കർഷകനായ ബാബു വജയും മകൻ ഷർദൂലുമാണ് പുലിയുടെ ആക്രമണത്തിനിരയായത്. മകനെ രക്ഷിക്കുന്നതിനാണ്ടെ ബാബു പുലിയെ കൊന്നത്. ഇരുവരും പരിക്കുകളോടെ ആശുപത്രിയിലാണ്. അതിനിടെ പുലിയെ കൊന്നതിന് ഇരുവർക്കുമെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.
പൊതുവെ ശാന്തമായ ഗ്രാമമാണ് ഗംഗാദ. ബുധനാഴ്ച രാത്രി ബാബു വജ തന്റെ കുടിലിന്റെ വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് പുള്ളിപ്പുലി ചാടി വീണത്. ചുമലിൽ കടിച്ച് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം. ശബ്ദം കേട്ട് ഇരുപത്തഞ്ചുകാരനായ മകൻ ഷർദൂൽ ഓടി വരുകയായിരുന്നു. ഇതോടെ ബാബു വജയുടെ മേൽനിന്ന് പിടിവിട്ട് പുലി ഷർദുലിന്റെ നേർക്ക് ചാടി. നിമിഷങ്ങൾക്കുള്ളിൽ പുലി തങ്ങളെ പലവട്ടം ആക്രമിച്ചുവെന്ന് വജ പറയുന്നു. പുലി മകന്റെ ജീവനെടുക്കുമെന്ന് കണ്ട വജ വീടിനകത്തുനിന്ന് അരിവാളും കുന്തവുമെടുത്ത് പുലിയെ ആക്രമിക്കുകയായിരുന്നു. വെട്ടും കുത്തുമേറ്റ് പുലി ചാവുകയായിരുന്നു. പൂർണ വളർച്ചയെത്തിയ പുലിയായിരുന്നു ഇവരെ ആക്രമിച്ചത്.


