ഏഴാം വിവാഹത്തിനൊരുങ്ങി പിതാവ്; തടയണമെന്ന പരാതിയുമായി മകൻ പൊലീസ് സ്റ്റേഷനിൽ
text_fieldsഅസംഗർഹ്: ഏഴാം വിവാഹത്തിനൊരുങ്ങുന്ന 55കാരനായ പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മകൻ. ഉത്തർപ്രദേശിലെ അസംഗർഹ് ജില്ലയിലെ അത്രാലിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുടുംബത്തിന്റെ പക്കലുള്ള ബാക്കി ഭൂമി കൂടി വിറ്റ് വിവാഹം നടത്താനാണ് പിതാവിന്റെ നീക്കമെന്നും മകൻ ആരോപിച്ചു.
പിതാവിന്റെ മൂന്നാം ഭാര്യയിലെ മകനാണ് പരാതിക്കാരൻ. ഇതുവരെ ആറ് വിവാഹങ്ങൾ കഴിച്ച പിതാവ്, ഏറ്റവും ഒടുവിൽ വിവാഹിതനായത് 2024ലാണെന്ന് പരാതിയിൽ പറയുന്നു. ആറാം ഭാര്യ ഏതാനും ദിവസങ്ങൾ മാത്രം കൂടെ താമസിച്ച ശേഷം വസ്തുവകകൾ സ്വന്തം പേരിലാക്കാൻ സമ്മർദം ചെലുത്തുകയും പിതാവ് സമ്മതിക്കാതായതോടെ സ്വർണാഭരണങ്ങളുമായി അവർ മടങ്ങിപ്പോവുകയുമായിരുന്നു. അതിനുശേഷമാണ് ഏഴാമതൊരു വിവാഹത്തിനുള്ള തയാറെടുപ്പിലാണ് പിതാവെന്ന് മകൻ അറിയുന്നത്. ഇതിനായി കുടുംബത്തിന്റെ ഏക ഉപജീവനമാർഗമായ കൃഷിഭൂമി വിൽക്കാൻ പിതാവ് മുൻകൂറായി 50,000 രൂപ കൈപ്പറ്റിയതായും മകൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വീടുവിട്ട് പുറത്തുപോയി ജോലി ചെയ്ത് പഠിക്കാൻ പിതാവ് തന്നെ നിർബന്ധിക്കാറുണ്ടെന്നും, പരീക്ഷ എഴുതാൻ നാട്ടിലെത്തിയപ്പോഴാണ് വിവാഹനീക്കം അറിഞ്ഞതെന്നും വിദ്യാർഥി പറഞ്ഞു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്തും. വസ്തുതകൾ പരിശോധിച്ച ശേഷം പിതാവിനെ കൗൺസിലിങ്ങിന് വിധേയനാക്കാനാണ് തീരുമാനമെന്ന് അത്രാലിയ സ്റ്റേഷൻ എസ്.എച്ച്.ഒ അമിത് കുമാർ മിശ്ര അറിയിച്ചു.


