Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎഫ്.സി.ആർ.എ ബിൽ...

എഫ്.സി.ആർ.എ ബിൽ മുന്നോട്ടുതന്നെ; പാസാക്കാൻ താൻ സഭയിലെത്തുമെന്ന് അമിത് ഷാ

text_fields
bookmark_border
https://www.madhyamam.com/tags/amit-shah
cancel

ന്യൂഡൽഹി: ഏറെ കോലാഹലങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റ് പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച പാർലമെന്റ് മന്ദിരത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ചക്കെത്തിയ കേരളത്തിൽ നിന്നുൾപ്പെടെയുള്ള ക്രിസ്ത്യൻ സഭാ നേതാക്കളടങ്ങുന്ന ‘ജോയിൻറ് ആക്ഷൻ ഫോറം ഓൺ മൈനോറിറ്റീസ്’പ്രതിനിധി സംഘത്തെയാണ് ഇക്കാര്യം അറിയിച്ചത്.

ഡി.എം.കെ നേതാവും തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ എം.പിയുമായ പി. വിൽസൺ മുൻകൈയെടുത്താണ് വിവിധ ക്രിസ്തീയ സഭകളുടെയും സംഘടനകളുടെയും നേതാക്കളുൾപ്പെട്ട സംഘത്തെ അമിത് ഷായുമായുള്ള ചർച്ചക്ക് കൊണ്ടുവന്നത്. ഈ മാസം 12ന് ബിൽ പാസാക്കാനായി എടുക്കുമെന്ന് അമിത് ഷാ പറഞ്ഞതായി ഇതേ വിഷയത്തിൽ ചർച്ചക്കെത്തിയ മിസോറം മുഖ്യമന്ത്രിയും പറഞ്ഞു.

2025 മാർച്ച് 26ന് പാർലമെന്റിൽ അവതരിപ്പിച്ച ബിൽ അടുത്തയാഴ്ച പാസാക്കാനായി എടുക്കുമെന്നും അന്ന് സഭയിൽ ചർച്ച നടത്തുമെന്നും അമിത് ഷാ ക്രിസ്ത്യൻ നേതാക്കളോട് പറഞ്ഞു. താൻ തന്നെയായിരിക്കും ബിൽ ചർച്ചക്കെടുക്കുകയെന്നും അമിത് ഷാ പറഞ്ഞതായി പ്രതിനിധി സംഘാംഗങ്ങൾ പറഞ്ഞു.

ജൂലൈ 20ന് വിദ്യാർഥികൾക്കുമേൽ നടന്ന പൊലീസ് അതിക്രമത്തിന് ശേഷം ഇരുസഭകളിലും ഇതുവരെ അമിത് ഷാ വരാത്തതിനെ ചൊല്ലി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. സംഘം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഗണിക്കാമെന്നും മന്ത്രിസഭയിലെ സഹപ്രവർത്തകരുമായി ചർച്ച ചെയ്ത് സർക്കാർ തീരുമാനം അറിയിക്കാമെന്നുമാണ് ഉന്നയിച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നൽകിയ മറുപടി.

ബില്ലിലെ ഏറ്റവും കടുപ്പമേറിയ മൂന്നാം അധ്യായം പിൻവലിക്കുകയും 15-ാം വകുപ്പ് നീക്കം ചെയ്യുകയും വേണമെന്നാണ് തങ്ങൾ ഉന്നയിച്ച ഏറ്റവും പ്രധാന ആവശ്യമെന്ന് ഡി.എം.കെ നേതാവ് പി. വിൽസൺ ‘മാധ്യമ’ത്തോട് പറഞ്ഞു. ബിൽ പാസാക്കാതെ പുനഃപരിശോധനക്കായി പൂർണമായും സംയുക്ത പാർലമെന്ററി സമിതിക്ക് വിടുക എന്നതാണ് രണ്ടാമത്തെ പ്രധാന ആവശ്യം. നിശ്ചിത സമയപരിധിക്കുള്ളില്‍ എഫ്‌.സി.ആര്‍.എ ലൈസന്‍സ് പുതുക്കിക്കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസന്‍സ് പുന:സ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസന്‍സ് സറണ്ടര്‍ ചെയ്യുക എന്നീ കാരണങ്ങളാൽ പൂർണമായോ ഭാഗികമായോ വിദേശ ഫണ്ട് ഉപയോഗിച്ച് ആര്‍ജിച്ച ആസ്തികള്‍ സ്ഥിരമായി ഏറ്റെടുക്കാന്‍ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഏറ്റവും കിരാതമായ വ്യവസ്ഥ.

ജോയിൻറ് ആക്ഷൻ ഫോറം ചെയർമാൻ കൂടിയായ പി.വിൽസൺ നയിച്ച പ്രതിനിധി സംഘത്തിൽ കമ്മിറ്റി കൺവീനർ ജോൺ സാമുവൽ, ഡൽഹി രൂപത ആർച് ബിഷപ് അനിൽ കൂട്ടോ, മലങ്കര മാർതോമാ സിറിയൻ ചർച്ച് ഡൽഹി രൂപത ബിഷപ് റിട്ട. റവ. സകറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ, സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യു കോയിക്കൽ, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെത്രാപ്പൊലീത്ത ഡോ. യുഹന്നോൻ മാർ ദിമിത്രിയോസ്, ചർച്ച് ഓഫ് ഇന്ത്യ മോഡറേറ്റർ തുടങ്ങിയവരാണുണ്ടായിരുന്നത്.

Show Full Article
TAGS:fcra Amit Shah Foreign Funding Case central government 
News Summary - FCRA Bill next week: Amit Shah to attend parliament for passage
Next Story