സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുംവരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരും; 'ജന്തർ മന്തർ അറ്റ് കൊച്ചി'യിൽ അഭിജീത് ദിപ്കെ
text_fieldsകൊച്ചി: രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കുന്നതുവരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. സി.ജെ.പി സംഘടിപ്പിച്ച 'ജന്തർ മന്തർ അറ്റ് കൊച്ചി' പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വോട്ടുപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെയും തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടികൾക്കെതിരെയുമാണ് സി.ജെ.പി കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് ദിപ്കെ ആരോപിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ സഹായിക്കാനാണ് നിലവിൽ തെരഞ്ഞെടുപ്പ് അട്ടിമറികൾ നടക്കുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടക്കുന്ന പ്രതിഷേധത്തിൽ വൻ യുവജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് സി.ജെ.പിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് കേരളത്തിലാണെന്നും കേരളത്തിലെ യുവാക്കൾ പ്രതിഷേധത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.


