നടൻ സൗബിൻ ഷാഹിറിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ഇത് സിവിൽ തർക്കമല്ലേയെന്നും ആർബിട്രേഷൻ നിലനിൽക്കുകയല്ലേയെന്നും ചൂണ്ടിക്കാട്ടിയ കോടതി ജാമ്യത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഹരജി പിൻവലിക്കുന്നതായി അഭിഭാഷകർ കോടതിയെ അറിയിച്ചു.
സിനിമയുടെ ലാഭവിഹിതത്തിൽ 40 ശതമാനം വാഗ്ദാനം ചെയ്ത് തന്റെ പക്കൽ നിന്ന് ഏഴുകോടി രൂപ വാങ്ങിയെന്ന ആരോപണവുമായി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് ആണ് പരാതി നൽകിയിരുന്നത്. കേസില്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് ഹൈകോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സിറാജ് ഹമീദ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ നിലനിൽക്കുന്നുണ്ടെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ, തങ്ങളുടെ ഹരജി പിന്‍വലിക്കുകയാണെന്ന് സിറാജിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.