20 ലക്ഷം രൂപ കൈക്കൂലി വാങ്ങി; വനിത എസ്.ഐ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് വനിത സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. സബ് ഇൻസ്‌പെക്ടറെ കൂടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഇവരുടെ അറസ്റ്റ് ഔദ്യോഗകമായി രേഖപ്പെടുത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പരാതി ലഭിച്ച ശേഷം ഡൽഹി ഔട്ടർ ജില്ല പൊലീസ് നടത്തിയ അന്വേഷണത്തിൽ പശ്ചിമ വിഹാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സബ് ഇൻസ്പെക്ടർ നീതു ഭിഷ്ടിനെയാണ് സ്റ്റേഷൻ വളപ്പിൽ വെച്ച് പിടികൂടിയത്. അറസ്റ്റിലായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരു ഹെഡ് കോൺസ്റ്റബിളും ഒരു കോൺസ്റ്റബിളും ഉൾപെടുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാഥമിക അന്വേഷണം പൂർത്തിയായാൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ കൺസൾട്ടിങ് സ്ഥാപനം നടത്തുന്നയാളാണ് പരാതിക്കാരൻ. പശ്ചിമ വിഹാർ ഈസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഓഫീസിൽ എത്തി തന്നെ ഭീഷണിപ്പെടുത്തുകയും താൻ നടത്തുന്ന ബിസിനസ്സ് നിയമവിരുദ്ധമാണെന്നും പറഞ്ഞു. പിന്നീട് ഇയാൾ തന്നെ പൊലീസ് വാഹനത്തിൽ കയറ്റി പീര ഗർഹിയിലെ പൊലീസ് ബൂത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്.
ശേഷം പൊലീസ് ഉദോഗസ്ഥർ തന്നോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും വനിത സബ് ഇൻസ്‌പെക്ടർ തന്നെ നേരിട്ട് വിളിച്ചു പരാതി നൽകിയാൽ ഗുരുതരമായ പ്രത്യഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ചർച്ചകൾക്ക് ശേഷമാണ് ആദ്യ ഗഡുവായി 20 ലക്ഷം രൂപ നൽകാൻ താൻ തയ്യാറായതെന്നും പരാതിക്കാരൻ പറഞ്ഞു. അറസ്റ്റിലായ മറ്റ് രണ്ടുപേർ പൊലീസുമായി ഈ വിഷയം ഒത്തുതീർപ്പാക്കാൻ ചെക്കുകളിൽ ഒപ്പിടാൻ തന്നെ നിർബന്ധിപ്പിച്ചവരാണ്.
അറസ്റ്റിലായ ഒരാൾ സ്ഥിരമായി സ്റ്റേഷനിൽ എത്തുന്നതിനാൽ പശ്ചിമ വിഹാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്.എച്ച്.ഒ) ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 2025ലെ ആദ്യ ഏഴ് മാസങ്ങളിൽ മാത്രം, കൈക്കൂലി വാങ്ങിയതിന് ഡൽഹി പൊലീസിൽ കുറഞ്ഞത് 10 ഉദ്യോഗസ്ഥരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതയാണ് റിപ്പോർട്ട്.