Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഗേറ്റുകളിൽ ആധാർ...

‘ഗേറ്റുകളിൽ ആധാർ പരിശോധിക്കണം, ഗർബക്കെത്തുന്നവർ പൂജ നടത്തി കുറി തൊടണം,’ മഹാരാഷ്ട്രയിൽ നവരാത്രി ​ആഘോഷത്തിൽ ഹിന്ദുക്കളെ മാത്രം പ​ങ്കെടുപ്പിക്കാൻ മാർഗനിർദേശവുമായി വി.എച്ച്.പി

text_fields
bookmark_border
‘ഗേറ്റുകളിൽ ആധാർ പരിശോധിക്കണം, ഗർബക്കെത്തുന്നവർ പൂജ നടത്തി കുറി തൊടണം,’ മഹാരാഷ്ട്രയിൽ നവരാത്രി ​ആഘോഷത്തിൽ ഹിന്ദുക്കളെ മാത്രം പ​ങ്കെടുപ്പിക്കാൻ മാർഗനിർദേശവുമായി വി.എച്ച്.പി
cancel

മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളിൽ ഹിന്ദുക്കൾ മാത്രം പ​ങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങളുമായി വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി). ഗർബ നൃത്ത പരിപാടികളിൽ ഹൈന്ദവർ മാത്രം പ​ങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ വേദികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ആധാർകാർഡടക്കം പരി​ശോധന നടത്തണമെന്നും നിർദേശങ്ങളിലുണ്ട്.

വിവാദമാർഗനിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ പാർട്ടികളടക്കം രംഗത്തെത്തി. സമൂഹത്തിൽ വിദ്വേഷം ആളിക്കത്തിക്കാനാണ് വി.എച്ച്.പിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ പറഞ്ഞു. അതേസമയം, പൊലീസ് അനുമതിയോടെയാണ് പരിപാടികൾ നടത്തപ്പെടുന്നതെന്നും ആരൊക്കെ പ​ങ്കെടുക്കണമെന്നതടക്കം തീരുമാനങ്ങളെടുക്കാൻ സംഘാടകൾക്ക് അവകാശമുണ്ടെന്നും മഹാരാഷ്ട്ര എക്സൈസ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ചന്ദ്രശേഖർ ബവൻകു​​ലെ പറഞ്ഞു.

ഗർബ നൃത്ത പരിപാടികളിൽ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് വി.എച്ച്.പിയുടെ മാർഗനിർദേശത്തിൽ ആവശ്യപ്പെടുന്നത്. പ്രവേശന കവാടങ്ങളിൽ ആധാർ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിന് പുറമെ പ​ങ്കെടുക്കുന്നവർ പൂജയിൽ പ​ങ്കെടുത്താണ് വരുന്നതെന്ന് ഉറപ്പുവരുത്താൻ ‘കുറി’ തൊടുവിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വി.എച്ച്.പി, ബജ്രംഗ്ദൾ എന്നീ സംഘടനകളിലെ പ്രവർത്തകർ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടികളിൽ നിരീക്ഷണം ശക്തമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

‘ഗർബ വെറുമൊരു നൃത്തമല്ല, മറിച്ച് ദേവിയെ പ്രീതിപ്പെടുത്താനുള്ള ഒരു ആരാധനാരീതിയാണ്. അവർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല (ഇതര മതവിശ്വാസികൾ). ആചാരങ്ങളിൽ വിശ്വാസമുള്ളവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കാവൂ. വി.എച്ച്.പി, ബജ്രംഗ്ദൾ പ്രവർത്തകർ പരിപാടികൾ നിരീക്ഷിക്കും. ഗർബ ഒരു ആരാധനാരീതിയാണ്, വിനോദമല്ല. ദേവതയിൽ വിശ്വാസമില്ലാത്തവർ അതിൽ പങ്കെടുക്കരുത്,’ വി.എച്ച്.പി ദേശീയ വക്താവ് ശ്രീരാജ് നായർ പറഞ്ഞു.

ഗർബ ഒരു ഹിന്ദു പരിപാടിയാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി മാധ്യമ മേധാവി നവ്‌നാഥ് ബാൻ പറഞ്ഞു. ഹിന്ദുക്കൾ ഗർബ അവതരിപ്പിക്കുകയും ദേവിയെ ആരാധിക്കുകയും ചെയ്യുമ്പോൾ മറ്റ് മതങ്ങളിൽ നിന്നുള്ളവർ ഇടപെടരുതെന്നും ബാൻ വ്യക്തമാക്കി. വി.എച്ച്.പിയുടെ നിലപാടിനെ എതിർത്ത ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റൗത്തിനെയും ബാൻ വിമർശിച്ചു.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെയാണ് രാജ്യത്ത് നവരാത്രി ആഘോഷിക്കപ്പെടുന്നത്. സംഗീതം, നൃത്തം, ഭക്തി എന്നിവ സമന്വയിക്കുന്ന ഗർബ നൃത്തം നവരാത്രി കാലത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

Show Full Article
TAGS:Navratri VHP threat Maharashra 
News Summary - Hindu-only garba, VHP sets entry norms
Next Story