പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനെന്ന് മുൻ പെന്‍റഗൺ ഉദ്യോഗസ്ഥൻ; ‘ഐ.എസ്.ഐയെ തുടച്ചുനീക്കേണ്ട സമയം’
text_fieldsവാഷിങ്ടൺ: വിനോദസഞ്ചാരികളടക്കം 26 കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് മുൻ പെന്‍റഗൺ ഉദ്യോഗസ്ഥനും അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോയുമായ മൈക്കിൽ റൂബിൻ. പാകിസ്താൻ സൈനിക മേധാവി അസിം മുനീർ അടുത്തിടെ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾ ആക്രമണത്തിന് കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക് സൈനിക മേധാവിയുടെ പ്രസംഗം ഭീകരതക്കുള്ള പച്ചക്കൊടിയാണെന്ന് തോന്നുന്നു. കശ്മീർ കഴുത്തിലെ സിരയാണെന്നാണ് അസിം മുനീർ പറഞ്ഞത്. പാകിസ്താന്‍റെ കഴുത്തിലെ സിര മുറിക്കുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യേണ്ടത്. ഇനി കുറുക്കുവഴികളില്ലെന്നും മൈക്കിൽ റൂബിൻ പറഞ്ഞു.
പാകിസ്താൻ ലഷ്കറെ ത്വയ്യിബ അടക്കം നിരവധി ഭീകരസംഘടനകളുടെ ആസ്ഥാനമാണെന്ന് നമുക്കറിയാം. ഏകീകൃത ഭീകരവിരുദ്ധ നടപടികളുടെ അഭാവം, പാശ്ചാത്യരെ വിഡ്ഢികളാക്കുന്ന പാക് നയതന്ത്രജ്ഞർ എന്നിവ കാരണം പാകിസ്താനിലും ബംഗ്ലാദേശിലും ഇത് വ്യാപിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നിൽ പാകിസ്താനാണെന്നുള്ള വിവരം വരും ദിവസങ്ങളിൽ ഇന്‍റലിജൻസിന് ലഭിക്കും. മനുഷ്യ ബുദ്ധി ഇതിന് പിന്നിൽ ഉണ്ടാകും. ചില വിവരങ്ങൾ ഇന്‍റലിജൻസിന്‍റെ കൈവശമുണ്ടെന്ന് ഉറപ്പാണ്. മുൻവിധിയായും പ്രത്യയശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും പാകിസ്താന്‍റെ ഐ.എസ്.ഐയാണെന്ന് നമുക്കറിയാം. പാകിസ്താനാണ് സംശയിക്കപ്പെടുന്ന ഏക രാജ്യമെന്നും മൈക്കിൽ റൂബിൻ ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്‍റായിരുന്ന ബിൽ ക്ലിന്‍റൺ ഇന്ത്യ സന്ദർശിച്ചപ്പോൾ ഭീകരാക്രമണം നടന്നതു പോലെ, വൈസ് പ്രസിഡന്‍റ ജെ.ഡി. വാൻസിന്‍റെ ഇന്ത്യാ സന്ദർശനത്തിൽ നിന്ന് ശ്രദ്ധമാറ്റാൻ പാകിസ്താൻ ആഗ്രഹിക്കുന്നതായി തോന്നുന്നു. പാകിസ്താനെ രക്ഷപ്പെടാൻ അമേരിക്ക അനുവദിക്കരുത്. ഇത് ഒരുതരം സ്വമേധയായുള്ള നടപടിയാണെന്ന് നമ്മൾ നടിക്കരുത്.
ഐ.എസ്.ഐയുടെ നേതൃത്വത്തെ തുടച്ചുനീക്കേണ്ട സമയമാണിത്. അവരെ ഒരു ഭീകരസംഘടനയായി കണക്കാക്കുകയും ഇന്ത്യയുടെ മുഴുവൻ സഖ്യകക്ഷി രാജ്യങ്ങളും ജനാധിപത്യത്തെ പിന്തുണക്കുന്ന ലോകരാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെടുകയും വേണമെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ മൈക്കിൽ റൂബിൻ ചൂണ്ടിക്കാട്ടി.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്കു നേരെ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്കെങ്കിലും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കർശന നടപടിയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.