Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആർ.എസ്.എസ്,...

‘ആർ.എസ്.എസ്, വി.എച്ച്.പി, ബജ്‌രംഗ്ദൾ എന്നിവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണം’ -ആഭ്യന്തരമന്ത്രിമാർക്ക് കത്തുമായി മുൻ ആർ.എസ്.എസ് പ്രചാരക്

text_fields
bookmark_border
RSS
cancel

മംഗളൂരു: ആർ.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്‌രംഗ്ദൾ എന്നീ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആർ.എസ്.എസ് പ്രചാരകനായ യശ്വന്ത് സഹദേവ് ഷിൻഡെ. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കത്തയച്ചു.

2000 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തുടർച്ചയായ ബോംബ് സ്ഫോടനങ്ങളിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ, വി.എച്ച്.പി ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദെ എന്നിവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിവിധ സ്​ഫോടനങ്ങളിൽ ഹിന്ദുത്വ സംഘടനകൾക്ക് പങ്കുള്ളതായി ചൂണ്ടിക്കാട്ടി വർഷങ്ങളായി നിയമപോരാട്ടത്തിലാണ് ഷിൻഡെ. വർഷങ്ങൾ നീണ്ട തന്റെ പോരാട്ടങ്ങളുടെ തുടർച്ചയായാണ് പുതിയ കത്തെന്ന് അദ്ദേഹം പറഞ്ഞു.

1990 മുതൽ ആർ.എസ്.എസിന്റെ മുഴുസമയ പ്രവർത്തകനായിരുന്നു ഷിൻഡെ. എന്നാൽ, ബോംബ് നിർമ്മാണ, പരിശീലന സംഘത്തിൽ ചേരാൻ തന്നോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘടന വിടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നിലവിലെ വി.എച്ച്.പി ജനറൽ സെക്രട്ടറി പരാന്ദെ ഉൾപ്പെടെയുള്ള ആർ.എസ്.എസ്, വി.എച്ച്.പി അംഗങ്ങൾ രാജ്യത്തുടനീളം ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത യോഗങ്ങളിൽ താൻ പങ്കെടുത്തതായി 2022 ആഗസ്റ്റിൽ മഹാരാഷ്ട്ര നാന്ദേഡിലുള്ള പ്രത്യേക സി.ബി.ഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഷിൻഡെ വെളിപ്പെടുത്തിയിരുന്നു.

2003-ൽ പരാന്ദെയുടെ മാർഗനിർദേശ പ്രകാരം താനുൾപ്പെടെ ഇരുപതോളം പേർക്ക് ബോംബ് നിർമ്മാണത്തിൽ പരിശീലനം ലഭിച്ചിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 2006 ഏപ്രിലിൽ നടന്ന നാന്ദേഡ് സ്ഫോടനക്കേസിന്റെ വിചാരണയ്ക്കിടയിലാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്. അന്ന് ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ലക്ഷ്മൺ രാജ്കൊണ്ടവാറിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ മകൻ നരേഷും വി.എച്ച്.പി പ്രവർത്തകനായ ഹിമാൻഷു പാൻസെയും കൊല്ലപ്പെട്ടിരുന്നു. ഔറംഗബാദിലെ ഒരു പള്ളി ലക്ഷ്യമിട്ടുള്ള ബോംബ് നിർമാണമായിരുന്നു അതെന്നാണ് സി.ബി.ഐ അന്ന് വ്യക്തമാക്കിയത്.

ഈ കേസിൽ സാക്ഷിയാകാൻ ഷിൻഡെ ശ്രമിച്ചിരുന്നു. ആദ്യ വിചാരണ കോടതി ജഡ്ജി എ.ആർ. ധമേച്ച ഷിൻഡെയുടെ അപേക്ഷ പരിഗണിച്ചു.? എന്നാൽ, അടുത്ത വാദം കേൾക്കുന്നതിന് മുൻപ് അദ്ദേഹത്തെ സ്ഥലം മാറ്റി. തുടർന്ന് വന്ന പുതിയ ജഡ്ജി ഷിൻഡെയുടെ അപേക്ഷ നിരസിച്ചു. ഇതിനു പിന്നാലെ 2025 ജനുവരി 4ന് നാന്ദേഡ് വിചാരണ കോടതി ഈ കേസിൽ അവശേഷിച്ച ഒൻപത് പ്രതികളെയും കുറ്റവിമുക്തരാക്കി.

കോടതിയിൽ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് പ്രിയങ്ക് ഖാർഗെയ്ക്ക് അയച്ച കത്തിലൂടെ ഷിൻഡെ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. അജ്മീർ ദർഗ സ്ഫോടനക്കേസിൽ ഇന്ദ്രേഷ് കുമാറിനെതിരെയും 2008ലെ മലേഗാവ് സ്ഫോടനക്കേസിൽ ഒടുവിൽ കുറ്റവിമുക്തരാക്കപ്പെട്ട കേണൽ പ്രസാദ് പുരോഹിത്, മുൻ ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ എന്നിവർക്കെതിരെയും കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമേ 1998ലെ പൊഖ്‌റാൻ ആണവ പരീക്ഷണങ്ങൾ, കാർഗിൽ യുദ്ധം, 2002ലെ ഗുജറാത്ത് കലാപം, 2019ലെ പുൽവാമ ആക്രമണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെടുത്തിയും ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഷിൻഡെ കത്തിൽ ഉന്നയിച്ചിരിക്കുന്നത്.

പാകിസ്താനിൽ രഹസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്തി അതിന്റെ ഉത്തരവാദിത്തം മുസ്‍ലിംകളുടെ മേൽ ആരോപിക്കാനും തങ്ങൾക്ക് പരിശീലനം ലഭിച്ചതായി ആ സമയത്ത് നൽകിയ നിരവധി അഭിമുഖങ്ങളിൽ ഷിൻഡെ വെളിപ്പെടുത്തിയിരുന്നു. 2003-2004 വർഷങ്ങളിൽ ജാൽന, പൂർണ, പർഭാനി എന്നിവിടങ്ങളിലെ പള്ളികളിൽ ബോംബ് സ്ഫോടനം നടത്തിയത് തന്റെ കൂടെ പരിശീലനം ലഭിച്ചവരാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന ശക്തമായ തെളിവുകൾ ലഭ്യമാണെന്ന് സി.ബി.ഐ പ്രാഥമിക അന്വേഷണങ്ങളിൽ അവകാശപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി അധികാരമേറ്റ ശേഷം ഈ കേസുകളിലെല്ലാം പ്രതികൾ കുറ്റവിമുക്തരായി. കഴിഞ്ഞ നാല് വർഷമായി ഷിൻഡെ ഉന്നയിക്കുന്ന ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ ആർ.എസ്.എസോ വി.എച്ച്.പിയോ ഇതുവരെ തയ്യാറായിട്ടില്ല. നാന്ദേഡ് കോടതി പ്രതികളെ വെറുതെ വിട്ടപ്പോൾ ഈ വിധി കോൺഗ്രസിന്റെ മുഖത്തേറ്റ ശക്തമായ പ്രഹരമാണെന്നായിരുന്നു വി.എച്ച്.പി പ്രതികരിച്ചത്.

അടുത്തിടെ കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർ.എസ്.എസിനെ വെല്ലുവിളിക്കുകയും സംഘടനയുടെ നിയമപരമായ പദവി, സാമ്പത്തികം, സംഘടനാ ഘടന, നികുതി വിവരങ്ങൾ എന്നിവ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മോഹൻ ഭാഗവതിന് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മുൻ ആർ.എസ്.എസ് പ്രവർത്തകന്റെ കത്ത് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

Show Full Article
TAGS:RSS VHP terrorist organisations Bajrang Dal Yashwant Sahadev Shinde 
News Summary - Former RSS Worker Demands RSS, VHP, Bajrang Dal Be Declared 'Terrorist Organisations'
Next Story