‘മെയ്ഡ് ഇൻ ഇന്ത്യ ജെറ്റ് എഞ്ചിൻ’- രാജ്യത്തിന്റെ ആ ‘സ്വപ്നം’ യാഥാർഥ്യത്തിലേക്ക്, സഫ്രാനുമായി കൈകോർക്കാൻ ഡി.ആർ.ഡി.ഒ
text_fieldsന്യൂഡൽഹി: തദ്ദേശീയ ജെറ്റ് എഞ്ചിൻ നിർമാണമെന്ന രാജ്യത്തിൻറെ സ്വപ്നം യാഥാർഥ്യത്തിലേക്കടുക്കുന്നു. ഫ്രഞ്ച് കമ്പനിയായ സഫ്രാനും, ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസഷേന് (ഡി.ആർ.ഡി.ഒ) കീഴിലുള്ള ഗാസ് ടർബെൻ റിസർച്ച് എസ്റ്റാബ്ളിഷ്മെന്റും (ജി.ടി.ആർ.ഇ) സംയുക്തമായി പദ്ധതിയിടുന്ന സംരംഭത്തിന് ഉടൻ അംഗീകാരം നൽകിയേക്കും.
120 -140 കിലോ ന്യൂട്ടൺ എഞ്ചിൻ തദ്ദേശീയമായി വികസിപ്പിക്കാനും നിർമിക്കാനുമാണ് പദ്ധതി. ഇന്ത്യയുടെ അഞ്ചാംതലമുറ യുദ്ധവിമാനമായ അഡ്‍വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് (എ.എം.സി.എ) നിർമാണത്തിൽ ഈ എഞ്ചിൻ ഉപയോഗിക്കാനാണ് പദ്ധതി.
പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന എഞ്ചിൻ രാജ്യത്തെ ബൗദ്ധികസ്വത്തവകാശ ചട്ടങ്ങൾക്ക് വിധേയമാവും. ജെറ്റ് എഞ്ചിനുകളിൽ നിർണായകമായ ‘ക്രിസ്റ്റൽ ബ്ളേഡ്’ സാങ്കേതിക വിദ്യയടക്കമുള്ളവ സർഫാൻ പൂർണമായി ഡി.ആർ.ഡി.ഒക്ക് കൈമാറും.
ജെറ്റ് എഞ്ചിനുകൾ പ്രവർത്തിക്കുമ്പോൾ പുറത്തേക്ക് വരുന്ന വായുപ്രവാഹത്തിന്റെ താപനില 1300-1800 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇതുകൊണ്ടുതന്നെ, ഉയർന്ന താപനിലകളിൽ കാഠിന്യവും ബലവും നഷ്ടപ്പെടാതെ പ്രവർത്തിക്കാൻ കഴിയുന്ന ലോഹസംയുക്തങ്ങൾ അഥവാ ഹൈ ടെമ്പറേച്ചർ ലോഹ സംയുക്തങ്ങൾ ഉപയോഗിച്ച് ഒറ്റ ക്രിസ്റ്റലായാണ് ‘ക്രിസ്റ്റൽ ബ്ളേഡ്’ നിർമിക്കുക. ഇതിനായുള്ള വളരെ സങ്കീർണമായ സാങ്കേതിക വിദ്യ സഫ്രാൻ ഇന്ത്യയുമായി പങ്കുവെക്കും.
രണ്ടുവർഷങ്ങളായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നുവരിയായിരുന്നു. ടാറ്റ ഗ്രൂപ്പ്, എൽ ആന്റ് ടി, അദാനി ഡിഫൻസ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചാം തലമുറ യുദ്ധവിമാനമായ എ.എം.സി.എ വികസിപ്പിക്കാനും നിർമിക്കാനുമുള്ള സർക്കാരിൻറെ നിർണായക തീരുമാനത്തിന് പിന്നാലെയാണ് ചർച്ചയിൽ നടപടികൾ വേഗത്തിലാവുന്നത്.
12 വർഷത്തിനുള്ളിൽ സഫ്രാൻ-ജി.ടി.ആർ.ഇ സംയുക്ത സംരംഭത്തിൻറെ ഭാഗമായി ഒമ്പത് മാതൃക ഫൈറ്റർ എഞ്ചിനുകൾ വികസിപ്പിക്കും. തുടക്കത്തിൽ 120 കിലോ ന്യൂട്ടൺ ശക്തിയുള്ള എഞ്ചിനുകളാണ് വികസിപ്പിക്കുക. ഘട്ടം ഘട്ടമായി ഇത് 140 കിലോ ന്യൂട്ടൺ ആയി ഉയർത്തുകയാണ് ലക്ഷ്യം.
നിലവിൽ, യു.എസ്, റഷ്യ, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇത്തരത്തിൽ സ്വന്തമായി ജെറ്റ് എഞ്ചിനുകൾ വികസിപ്പിക്കാനും ഉദ്പാദിപ്പിക്കാനുമുള്ള ശേഷിയുണ്ട്. എന്നാൽ, റഷ്യൻ നിർമിത എഞ്ചിനുകളിൽ മാറ്റം വരുത്തിയാണ് ചൈന നിലവിൽ അവരുടെ യുദ്ധവിമാനങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ പദ്ധതി യാഥാർഥ്യമാകുന്നത് ഇന്ത്യക്ക് മേഖലയിൽ വലിയ മേൽക്കെ നൽകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ജി.ടി.ആർ.ഇയുടെ നേതൃത്വത്തിൽ തദ്ദേശീയ ജെറ്റ് എഞ്ചിൻ ‘കാവേരി’ വികസിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല.
സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ജെറ്റ് എഞ്ചിനുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ മോഹ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. തദ്ദേശീയമായി ഫൈറ്റർ ജെറ്റുകൾക്കായുള്ള എഞ്ചിനുകൾ വികസിപ്പിക്കാൻ രാജ്യം പദ്ധതി ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കിയിരുന്നു.