സംസ്ഥാന തലസ്ഥാനങ്ങളിൽ വിദേശികളുടെ രജിസ്ട്രേഷന് ഓഫിസ് തുറക്കണം -അമിത് ഷാ
text_fieldsന്യൂഡൽഹി: 2027ഓടെ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വിദേശികളെ രജിസ്റ്റർ ചെയ്യുന്നതിന് മേഖലാ ഓഫിസുകൾ (ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസ്) തുറക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ സംവിധാനം, യാത്രാ സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ അവലോകനം ചെയ്യുന്നതിനിടെയാണ് അമിത് ഷാ ഈ നിർദേശം നൽകിയത്.
മാനവ വിഭവശേഷി കുറക്കുന്നതിന് എല്ലാ വിമാനത്താവളങ്ങളിലും ഘട്ടം ഘട്ടമായി ഓട്ടോമാറ്റിക് ട്രേ റിട്രീവൽ സിസ്റ്റം (എ.ടി.ആർ.എസ്) സ്ഥാപിക്കാനും ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. പുതിയ വിമാനത്താവളങ്ങളിൽ എ.ടി.ആർ.എസ് അവതരിപ്പിക്കുന്നത് ഉറപ്പാക്കാൻ ഉചിതമായ മാനദണ്ഡങ്ങൾ പാലിക്കണം.
നിലവിൽ 16 പ്രധാന വിമാനത്താവളങ്ങളിൽ ലഭ്യമായ ബാഗേജ് ഡ്രോപ്പ് സൗകര്യം ഉയർന്ന പാസഞ്ചർ ട്രാഫിക്കുള്ള രാജ്യത്തെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (എഫ്.ടി.ഐ-ടി.ടി.പി) ജനപ്രിയമാക്കുന്നതിന്, അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർക്ക് വാട്സ്ആപ് സന്ദേശം അയക്കുന്നതിന് വിമാനക്കമ്പനികളുമായി സഹകരിച്ച് സംവിധാനം സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, സിവിൽ ഏവിയേഷൻ സെക്രട്ടറി, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടർ ജനറൽ (സി.ഐ.എസ്.എഫ്), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ, ആഭ്യന്തര, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


