ഗസ്സ വെടിനിർത്തൽ: യു.എന്നിൽ ഇന്ത്യ വോട്ട് ചെയ്യാത്തതിനെ വിമർശിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിൽ വിമർശനവുമായി കോൺഗ്രസ്.
നമ്മുടെ വിദേശനയം തകർച്ചയിലാണെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിൽ സമാധാനത്തിനായി വാദിക്കുന്ന ഇന്ത്യയുടെ സ്ഥിരം നിലപാട് ഉപേക്ഷിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
അന്താരാഷ്ട്ര സംഘർഷങ്ങളിൽ നീതിയും സമാധാനവും ഇന്ത്യ എല്ലായ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. മേഖല ഭീകരമായ അക്രമം, മാനുഷിക ദുരന്തം, വർധിച്ചുവരുന്ന അസ്ഥിരത എന്നിവ നേരിടുമ്പോൾ ഇന്ത്യക്ക് നിശബ്ദമായോ നിഷ്ക്രിയമായോ നോക്കിനിൽക്കാൻ കഴിയില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഗസ്സക്കാരുടെ സംരക്ഷണത്തിന് നിയമപരവും മാനുഷികവുമായ കടമകൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽനിന്ന് സർക്കാർ വിട്ടുനിന്നത് ലജ്ജാകരവും നിരാശാജനകവുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. ഒരു ജനത മുഴുവൻ തടവിലാക്കപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്യുന്നു. സർക്കാർ നിലപാട് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.
ഭരണഘടന തത്ത്വങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും നമുക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയുമെന്നും പ്രിയങ്ക ചോദിച്ചു. നീതി സംരക്ഷിക്കാനുള്ള ധൈര്യമാണ് യഥാർഥ ആഗോള നേതൃത്വം ആവശ്യപ്പെടുന്നത്, മുൻകാലങ്ങളിൽ ഇന്ത്യ ഈ ധൈര്യം നിരന്തരം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ചൈന, ഫ്രാൻസ്, റഷ്യ, യു.കെ എന്നിവർക്കൊപ്പം 149 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ യു.എസ് അടക്കം 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യയടക്കം 19 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.


