പകരച്ചുങ്കത്തിൽ ഇളവ് നേടുക നിർണായകം; ‘നാഫ്ത’യിൽ തിരക്കിട്ട നിയമനവുമായി വാണിജ്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: പകരച്ചുങ്കത്തിൽ ചർച്ചകളടക്കം നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യ. കഴിയുംവേഗം ഇരുരാജ്യങ്ങൾക്കുമിടയിൽ വാണിജ്യകരാർ ലക്ഷ്യമിട്ട് നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്ത) വിഭാഗത്തിൽ കൂടുതൽ നിയമനങ്ങൾക്ക് നടപടിയാരംഭിച്ചു. വാണിജ്യ മന്ത്രാലയത്തിനുകീഴിൽ അമേരിക്ക, കാനഡ, മെക്സികോ എന്നിവയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം കൈകാര്യം ചെയ്യുന്ന വിഭാഗമാണ് നാഫ്ത.
കൂടുതൽ ഉദ്യോഗസ്ഥരെത്തുന്നതോടെ നടപടികൾ കാര്യക്ഷമവും വേഗത്തിലുമാവുമെന്നാണ് പ്രതീക്ഷ. പുതിയ ഉദ്യോഗസ്ഥർക്കുപുറമെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കാലാവധി നീട്ടിനൽകാനും പദ്ധതിയുണ്ട്. വിയറ്റ്നാമും കംബോഡിയയുമടക്കം രാജ്യങ്ങൾ ഇതിനകം അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള തീരുവ വെട്ടിക്കുറച്ച് ഉഭയകക്ഷി വ്യാപാര കരാറിനുള്ള സന്നദ്ധത യു.എസിനെ അറിയിച്ചതായാണ് വിവരം. യു.എസുമായി വ്യാപാര കരാറിലേർപ്പെടാൻ കഴിഞ്ഞാൽ താരിഫ് പൂജ്യമായി വെട്ടിക്കുറക്കാൻ വിയറ്റ്നാം സന്നദ്ധതയറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിൽ 46 ശതമാനമാണ് വിയറ്റ്നാമിനുമേൽ യു.സ് ചുമത്തിയിരിക്കുന്ന പകരച്ചുങ്കം. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനറ്റും സമാനമായ നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ഉൽപന്നങ്ങളുടെ നികുതി അഞ്ചുശതമാനമായി കുറക്കാമെന്നാണ് കംബോഡിയയുടെ വാഗ്ദാനം.
വിയറ്റ്നാമിന്റെ 46 ശതമാനവും ചൈനയുടെ 34 ശതമാനവും താരിഫ് നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ താരിഫ് നിരക്ക് താരതമ്യേന കുറവാണ്. എന്നാൽ, മറ്റുരാജ്യങ്ങളേക്കാൾ മുമ്പ് ഇളവ് നേടിയില്ലെങ്കിൽ രാജ്യത്തെ കയറ്റുമതിയെ കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കി വ്യാപാര കരാറിൽ ഏർപ്പെടുന്നത് ഇന്ത്യക്ക് നിർണായകമാകും.
എങ്കിലും, യു.എസുമായി കരാറിലേർപ്പെടൽ ഇന്ത്യക്കത്ര എളുപ്പമാവില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പേയ്മെന്റ് സേവന ദാതാക്കൾക്കും ബാങ്കുകൾക്കും തദ്ദേശീയമായി വിവരങ്ങൾ സൂക്ഷിക്കൽ നിർബന്ധമാക്കുന്ന രാജ്യത്തെ വ്യവസ്ഥയിൽ യുനൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റിവ് (യു.എസ്.ടി.ആർ) ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി യു.എസിന്റെ പ്രഥമ നിരീക്ഷണ പട്ടികയിലുള്ള രാജ്യമാണ് ഇന്ത്യ. വാണിജ്യ രഹസ്യങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമങ്ങളുടെ അഭാവവും യു.എസ്.ടി.ആർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പുറമെ വിവിധ മെഡിക്കൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനിൽക്കുന്ന വില നിയന്ത്രണം യു.എസ് കമ്പനികൾക്ക് കടന്നുവരാൻ വെല്ലുവിളിയാവുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
തൊഴിൽ, പരിസ്ഥിതി മാനദണ്ഡങ്ങൾ കീറാമുട്ടിയായതോടെ ഇതുവരെ ഒരു പാശ്ചാത്യ രാജ്യവുമായും പൂർണമായ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യക്കായിട്ടില്ല. യൂറോപ്യൻ യൂനിയനുമായും യു.കെയുമായും ഇന്ത്യയുടെ വ്യാപാര കരാറുകൾ വർഷങ്ങളായി ചർച്ചയിലാണ്.