‘ഭാര്യക്ക് ജീവനാംശം നൽകുന്നത് കാരുണ്യമല്ല’; തുല്യതയും നീതിയും ഉയർത്തിപ്പിടിക്കാനുള്ള അവകാശമെന്ന് കോടതി
text_fieldsപ്രതീകാത്മക ചിത്രം
അമരാവതി: വിവാഹബന്ധം വേർപെടുത്തിയ ഭാര്യക്ക് ജീവനാംശം നൽകുന്നത് ജീവകാരുണ്യപ്രവൃത്തിയല്ലെന്ന് ആന്ധ്ര ഹൈകോടതി. തുല്യതയും നീതിയും ഉയർത്തിപ്പിടിക്കാനുള്ള അവകാശമാണ് അതെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമപരമായി സംരക്ഷിക്കാൻ ബാധ്യസ്ഥരായവരുടെ അവഗണന കാരണം ഭാര്യയോ കുട്ടിയോ ആശ്രിതരായ മാതാപിതാക്കളോ ദാരിദ്ര്യത്തിൽ കഴിയുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് തീരുമാനമെന്നും ജസ്റ്റിസ് റാവു വ്യക്തമാക്കി.
മുൻ ഭാര്യക്കും മകനും ജീവനാംശം നൽകിയ കുടുംബ കോടതി വിധി ശരിവെച്ചാണ് ജസ്റ്റിസ് വൈ. ലക്ഷ്മണ റാവുവിന്റെ ഉത്തരവ്. ചിന്നൻ കിഷോർ കുമാർ ഭാര്യയായിരുന്ന ചിന്നം കിരൺമി സ്മൈലിക്ക് ജീവനാംശമായി പ്രതിമാസം 7500 രൂപയും പ്രായപൂർത്തിയാകാത്ത മകന് 5000 രൂപയും നൽകണമെന്നായിരുന്നു കുടുംബ കോടതി വിധി. ഇതിനെതിരെയാണ് ചിന്നൻ കിഷോർ കുമാർ ഹൈകോടതിയെ സമീപിച്ചത്.
ജീവനാംശം നൽകുന്ന കാര്യത്തിൽ കുടുംബ കോടതി വിധിയിൽ തെറ്റുകൾ വന്നിട്ടുണ്ടെന്നായിരുന്നു ചിന്നൻ കിഷോറിന്റെ വാദം. ഭാര്യക്കും മകനും പ്രതിമാസം യഥാക്രമം 7500 രൂപയും 5000 രൂപയും നൽകണമെന്ന കുടുംബകോടതി വിധി ഏകപക്ഷീയമാണെന്നും ചിന്നൻ കിഷോർ ഹരജിയിൽ ആരോപിച്ചു.
എന്നാൽ, ജീവനാശം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 15 (3), 39 എന്നിവയുടെ പരിധിയിൽ വരുന്നതാണെന്ന് ജസ്റ്റിസ് റാവു വ്യക്തമാക്കി. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും അവഗണനയിൽനിന്നും സാമ്പത്തിക പരാധീനതയിൽനിന്നും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടുംബത്തിന്റെ കീഴിൽ വരുന്ന സംരക്ഷണ അവകാശം ഒറ്റത്തവണ മാത്രം നൽകാവുന്ന ഔദാര്യമല്ല, മറിച്ച് ആവർത്തിച്ചുള്ള അവകാശമാണെന്ന് കോടതി നിരീക്ഷിച്ചു.

