Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.കെ. വാസന്റെ തമിഴ്...

ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ് എൻ.ഡി.എ വിട്ടു

text_fields
bookmark_border
ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ് എൻ.ഡി.എ വിട്ടു
cancel

ചെന്നൈ: ജി.കെ. വാസൻ നേതൃത്വം നൽകുന്ന തമിഴ് മാനില കോൺഗ്രസ് (ടി.എം.സി) ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടു. 2014 മുതൽ എൻ.ഡി.എ ഘടകകക്ഷിയാണ് ടി.എം.സി. 2020-26 കാലയളവിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ പിന്തുണയോടെ വാസൻ രാജ്യസഭാംഗവുമായി. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ പുറത്തുപോയപ്പോഴും വാസൻ എൻ.ഡി.എക്കൊപ്പമായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിൽ ടി.എം.സി അഞ്ച് സീറ്റുകളിൽ മത്സരിച്ച് പരാജയപ്പെട്ടു. ഈ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ ‘താമര’ ചിഹ്നത്തിലാണ് ടി.എം.സി സ്ഥാനാർഥികൾ മത്സരിച്ചത്. ഇതിനെതിരെ പാർട്ടിക്കകത്ത് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ജയസാധ്യതയുള്ള സീറ്റുകൾ അണ്ണാ ഡി.എം.കെ വിട്ടുനൽകിയില്ലെന്നും പാർട്ടിയിൽ മുറുമുറപ്പുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ഞായറാഴ്ച ചെന്നൈയിൽ ചേർന്ന പാർട്ടി നിർവാഹക സമിതിയോഗത്തിൽ എൻ.ഡി.എ സഖ്യം വിടാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വരെ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നും പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണമെന്നുമാണ് യോഗത്തിൽ ഉയർന്ന ആവശ്യം. ബി.ജെ.പി, അണ്ണാ ഡി.എം.കെ കക്ഷികളുമായി ഭിന്നതയൊന്നുമില്ലെന്നും പാർട്ടിയെ ശക്തിെപ്പടുത്തുകയെന്ന ലക്ഷ്യമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും ജി.കെ. വാസൻ മാധ്യമങ്ങളോട് വിശദീകരിച്ചു.

എൻ.ഡി.എയുമായി 12 വർഷം നീണ്ട സഖ്യമാണ് ടി.എം.സി അവസാനിപ്പിച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഡി.എം.കെയുമായി ടി.എം.സി സഖ്യമുണ്ടാക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്. 1996ൽ ജി.കെ. വാസന്റെ പിതാവ് ജി.കെ. മൂപ്പനാരാണ് ടി.എം.സിക്ക് രൂപം നൽകിയത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ജയലളിതയെ നിയമസഭ തെരഞ്ഞെടുപ്പിൽ പിന്തുണക്കാൻ അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചപ്പോഴാണ് എതിർപ്പ് പ്രകടിപ്പിച്ച് മൂപ്പനാർ കോൺഗ്രസ് വിട്ട് തമിഴ് മാനില കോൺഗ്രസ് രൂപവത്കരിച്ചത്.

2001ൽ മൂപ്പനാരുടെ മരണത്തിനുശേഷമാണ് വാസൻ ടി.എം.സി നേതൃപദവിയിലെത്തിയത്. യു.പി.എ സർക്കാറുകളിൽ കേന്ദ്രമന്ത്രിയായും വാസൻ സേവനമനുഷ്ഠിച്ചു. 2002ൽ ടി.എം.സി മാതൃസംഘടനയായ കോൺഗ്രസിൽ ലയിച്ചുവെങ്കിലും 2014ൽ വീണ്ടും പുനരുജ്ജീവിപ്പിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയതിനുശേഷം ജി.കെ വാസൻ ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിച്ചത്.

Show Full Article
TAGS:NDA Congress Tamilnadu 
News Summary - G.K. Vasan's Tamil Maanila Congress leaves NDA
Next Story