ജീവനും കൊണ്ടോടിയത് താഴത്തെ നിലയിലെ അടുക്കളയിലേക്ക്, നിമിഷനേരം കൊണ്ട് തീ വിഴുങ്ങി; ഗോവ നിശാക്ലബിലെ തീപിടിത്തം അനാസ്ഥയുടെ ഫലം, വ്യാപ്തി കൂട്ടിയത് ഇടുങ്ങിയ വാതിലുകളും പനയോലകളും..!
text_fieldsകത്തിച്ചാമ്പലായ നിശാക്ലബ്ബിന്റെ അകത്ത് പരിശോധന നടത്തുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ
പനജി: ഒന്നാം നിലയിൽ വിനോദസഞ്ചാരികൾ ഡാൻസിൽ മുഴുകിയിരിക്കുമ്പോഴാണ് ഞായറാഴ്ച പുലർച്ച ഒരു മണിയോടെ ബിർച്ച് ബൈ റോമിയോ ലെയിൻ നിശാക്ലബിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നൂറോളം പേരാണ് സംഭവ സമയം ഇവിടെയുണ്ടായിരുന്നത്.
തീപിടിത്തത്തെത്തുടർന്ന് ആളുകൾ പരക്കംപാച്ചിലായി. ചിലർ ഒരുവിധം രക്ഷപ്പെട്ടു. മറ്റു ചിലർ ഓടിയിറങ്ങിയത് താഴത്തെ നിലയിലെ അടുക്കളയിലേക്ക്. ജീവനക്കാർക്കൊപ്പം അവരും അവിടെ കുടുങ്ങി. നിമിഷനേരംകൊണ്ട് കെട്ടിടം മുഴുവൻ തീയിൽ മുങ്ങി.
ഇടുങ്ങിയ വഴിയിലൂടെ ഒരുവിധം സ്ഥലത്തെത്തിയ അഗ്നിശമന സേനക്ക് ഏറെ പണിപ്പെട്ടാണ് തീയണക്കാൻ കഴിഞ്ഞത്. ഇതിനകം 25 പേർക്ക് ജീവൻ നഷ്ടമായിരുന്നു. അപകട സമയത്ത് ‘ബോളിവുഡ് ബാംഗർ നൈറ്റ്’ എന്ന പേരിലാണ് ആഘോഷം അരങ്ങേറിയതെന്ന് നിശാ ക്ലബിന്റെ ഇൻസ്റ്റഗ്രാം പേജിൽ പറയുന്നു.
അർപോറ നദിയുടെ തീരത്താണ് അപകടമുണ്ടായ നിശാക്ലബ്. കെട്ടിടത്തിലെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും ഇടുങ്ങിയതാണ്. ഇത് ദുരന്തത്തിെന്റ വ്യാപ്തി വർധിപ്പിച്ചു. മാത്രമല്ല, പ്രധാന പാതയിൽനിന്ന് ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ചുവേണം സ്ഥലത്തേക്ക് എത്താൻ.
അതിനാൽ, അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് കെട്ടിടത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. വാഹനങ്ങൾ 400 മീറ്റർ അകലെ നിർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പനയോലകൊണ്ടുള്ള അലങ്കാരങ്ങളും കെട്ടിടത്തിലുണ്ടായിരുന്നു. ഇത് തീ വേഗം പടരാനിടയാക്കി.
സംഭവത്തിൽ നിശാ ക്ലബിെന്റ രണ്ട് ഉടമകൾക്കും മാനേജർക്കും പരിപാടി സംഘടിപ്പിച്ചവർക്കുമെതിരെ പൊലീസ് കേസെടുത്തു. അർപോറ-നഗോവ പഞ്ചായത്ത് പ്രസിഡന്റ് റോഷൻ റേദ്കറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 2013ൽ കെട്ടിടത്തിന് ലൈസൻസ് നൽകിയത് ഇദ്ദേഹമാണ്.
അതേസമയം, നിശാ ക്ലബ് ഉടമകൾ തമ്മിൽ തർക്കമുണ്ടായിരുന്നതായും പരാതിയുമായി ഇരുവരും പഞ്ചായത്തിനെ സമീപിച്ചിരുന്നതായും പ്രസിഡന്റ് പറഞ്ഞു. പരിശോധനയിൽ അനധികൃതമെന്ന് കണ്ടതിനാൽ കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ, പഞ്ചായത്ത് ഡയറക്ടറേറ്റ് ഇത് സ്റ്റേ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനപഹരിച്ച നിശാക്ലബ് തീപിടിത്തങ്ങൾ
- മാർച്ച് 2025: നോർത്ത് മാസിഡോണിയയിലെ നിശാക്ലബിൽ തീപിടിത്തത്തിൽ 62 പേർ മരിച്ചു. വെടിക്കെട്ടിൽനിന്നുള്ള തീപ്പൊരി മേൽക്കൂരയിൽ തട്ടി തീ പടരുകയായിരുന്നു.
- ഏപ്രിൽ 2024: ഇസ്തംബുളിലെ മാസ്‌ക്വറേഡ് നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 29 പേർ മരിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി വേദി അടച്ചിട്ടപ്പോഴാണ് തീപിടിത്തമുണ്ടായത്.
- ഒക്ടോബർ 2023: സ്പെയിനിലെ മുർസിയയിലുള്ള നിശാക്ലബ് സമുച്ചയത്തിലെ തീപിടിത്തത്തിൽ 13 പേർ മരിച്ചു.
- ആഗസ്റ്റ് 2022: തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള മൗണ്ടൻ ബി നിശാക്ലബിലെ തീപിടിത്തത്തിൽ 23 പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് നിഗമനം.
- ജനുവരി 2022: ഇന്തോനേഷ്യയിലെ വെസ്റ്റ് പപ്വ പ്രവിശ്യയിലെ സോറോംഗ് നിശാക്ലബിൽ ഉണ്ടായ തീപിടിത്തത്തിൽ 19 പേർ മരിച്ചു.
- ജനുവരി 2022: കാമറൂണിലെ യൗണ്ടെയിലുള്ള നിശാക്ലബിൽ 16 പേർ മരിച്ചു. ക്ലബിൽ ഷാംപെയ്ൻ വൈൻ വിളമ്പുന്നതിനിടെ നടത്തിയ വെടിക്കെട്ടാണ് തീപിടിത്തമുണ്ടാക്കിയത്.
- ഡിസംബർ 2016: കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ പ്രേതക്കപ്പൽ എന്നറിയപ്പെടുന്ന വെയർഹൗസിലുണ്ടായ തീപിടിത്തത്തിൽ 36 പേർ മരിച്ചു. ഓക്ക്‌ലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. സംഗീത-നൃത്ത പാർട്ടിക്കിടെയായിരുന്നു അപകടം.
- ഒക്ടോബർ 2015: റുമേനിയയിലെ ബുക്കറസ്റ്റിൽ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 64 പേർ മരിച്ചു. ഗുഡ്‌ബൈ ടു ഗ്രാവിറ്റി ബാൻഡിന്‍റെ പ്രകടനത്തിനിടെ തീ പടരുകയായിരുന്നു.


