‘ഇന്ത്യയിൽ തിരിച്ചെത്തിയതിൽ സന്തോഷം’; എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ഇന്ത‍്യയിലെത്തി ഗൂഗ്ൾ സി.ഇ.ഒ
text_fieldsന്യൂഡൽഹി: ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായി ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഇന്ത‍്യയിലെത്തി. ഫെബ്രുവരി 20ന് നടക്കുന്ന ചടങ്ങിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണേന്ത്യയിൽ നടക്കുന്ന ആദ്യത്തെ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ഇന്ത്യയിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ സുന്ദർ പിച്ചൈ അറിയിച്ചു.
`എ.ഐ ഇംപാക്ട് ഉച്ചകോടിക്കായി ഇന്ത്യയിൽ തിരിച്ചെത്തിയതിൽ സന്തോഷം. എപ്പോഴും ലഭിക്കാറുള്ളതുപോലെ വളരെ ഊഷ്മളമായ സ്വീകരണം, പത്രവാർത്തകളും മികച്ചതായിരുന്നു' സുന്ദർ പിച്ചൈ എക്സിൽ കുറിച്ചു.
അതേസമയം എ.ഐ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സഹകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഉച്ചകോടിക്കുമുമ്പായി നടന്ന അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. `ലോകത്തിലെ ഏറ്റവും ചലനാത്മകമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്‍റെ എ.ഐ മേഖലയിൽ നിരവധി അവസരങ്ങളുണ്ട്. അതിൽ ഞാന്‍ ആവേശഭരിതനാണ്. ഞങ്ങൾ വരുന്നത് വ്യക്തമായ ഒരു സന്ദേശവുമായാണ്. ഇന്ത്യയുടെ പങ്കാളിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിർമിത ബുദ്ധിയിൽ ഇന്ത്യക്ക് അസാധാരണമായ വളർച്ചയും അവസരങ്ങളും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു' അദ്ദേഹം കൂട്ടിചേർത്തു.
ഫെബ്രുവരി 16 ന് ആരംഭിച്ച എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നിരവധി അന്താരാഷ്ട്ര പ്രമുഖരാണ് ഇന്ത‍്യയിലെത്തിയത്. ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, അഡോബി ചെയർമാൻ ശന്തനു നാരായൺ, ആന്ത്രോപിക് സഹസ്ഥാപകൻ ഡാരിയോ അമോഡി, എ.ഐ പിതാക്കന്മാരിൽ ഒരാളായ യാൻ ലെകൂൺ തുടങ്ങിയ പ്രമുഖർ ഉച്ചകോടിയിൽ മുഖ‍്യപ്രഭാഷണം നടത്തിയിട്ടുണ്ട്.


