പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ച് കേന്ദ്രം; വില ഉടൻ കൂടില്ല
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുതിക്കുമോ എന്ന ആശങ്കകൾക്കിയിൽ പെട്രോളിനും ഡീസലിനും ഈടാക്കുന്ന അധിക എക്സൈസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്ച പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്.
ഇതോടെ ലിറ്ററിന് 13 രൂപയായിരുന്ന പെട്രോളിന്റെ അധിക എക്സൈസ് തീരുവ 3 രൂപയായി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 10 രൂപയായിരുന്ന അധിക എക്സൈസ് തീരുവ ഒഴിവാക്കുകയും ചെയ്തു. പെട്രോളിന്റെയും ഡീസലിന്റെ ചില്ലറ വിൽപ്പന വില ഉടൻ കൂടാതിരിക്കാനാണ് പുതിയ തീരുമാനം.
സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞദിവസം വർധിപ്പിച്ചിരുന്നു. മറ്റു കമ്പനികളും വില വർധിപ്പിച്ചേക്കുമോ എന്ന ആശങ്കകൾക്കിടെയാണ് എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനം. 106.73 രൂപയാണ് ബാരലിന് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. എണ്ണവില വർധനയുടെ ഭാരം ജനങ്ങളിലേക്ക് നേരിട്ടെത്താതിരിക്കാനും എണ്ണക്കമ്പനികൾക്ക് നിലവിലെ നഷ്ടം നികത്താനുമാണ് എക്സൈസ് തീരുവ കുറച്ചുകൊണ്ടുള്ള നീക്കം.


