എഫ്.സി.ആർ.എ: കേരളത്തിൽ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ തൽക്കാലം പതുങ്ങി സർക്കാർ
text_fieldsന്യൂഡൽഹി: വിദേശ സംഭാവന ഉപയോഗിച്ച് സ്ഥാപിച്ച സംരംഭങ്ങളും സ്ഥാപനങ്ങളും ഏറ്റെടുക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന വിവാദ എഫ്.സി.ആർ.എ ഭേദഗതി ബിൽ തിരക്കിട്ട് പാസാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പാളി. ഭൂരിഭാഗം പ്രതിപക്ഷ എം.പിമാരും കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായ തക്കംനോക്കി ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്നാൾ ബിൽ പാസാക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറി. ബിൽ കേരളത്തിൽ തെരഞ്ഞെടുപ്പ് ചർച്ചയായി മാറിയ സാഹചര്യത്തിൽ പരിക്ക് ഒഴിവാക്കാനാണ് ബജറ്റ് സമ്മേളനത്തിൽ പാസാക്കാനുള്ള തീരുമാനം മാറ്റിവെച്ചത്.
ബുധനാഴ്ച ലോക്സഭയിൽ പാസാക്കാനായി തിരക്കിട്ട് അജണ്ടയിൽ ഉൾപ്പെടുത്തിയ ബിൽ, ഇന്നലെ പരിഗണിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ-പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിക്കുകയായിരുന്നു. എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിനടുത്തേക്ക് നീങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിനിടയിലാണ് ബിൽ പാസാക്കാൻ എടുക്കില്ലെന്ന് കിരൺ റിജിജു അറിയിച്ചത്. പ്രതിഷേധത്തിൽ സഭ ഒരുതവണ നിർത്തിവെക്കുകയും ചെയ്തു.
രാവിലെ പാർലമെന്റ് സമ്മേളിക്കുംമുമ്പ് കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, എം.കെ. രാഘവൻ, ജെബി മേത്തർ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ തുടങ്ങിയവർ അടക്കമുള്ള കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തിൽ മുഖ്യ കവാടമായ ‘മകര ദ്വാറി’ൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എഫ്.സി.ആർ.എ ബിൽ പിൻവലിക്കണമെന്നും ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളികളുയർന്നു.
തുടർന്ന് ലോക്സഭ സമ്മേളിച്ച് ചോദ്യോത്തരവേളയിലേക്ക് കടന്നതും പ്രതിപക്ഷം എഫ്.സി.ആർ.എ ബിൽ പിൻലിക്കണമെന്ന ആവശ്യവുമായി എഴുന്നേറ്റ് നടുത്തളത്തിനടുത്തേക്ക് നീങ്ങി പ്രതിഷേധം തുടങ്ങി. യു.ഡി.എഫ് എം.പിമാർക്ക് ഒപ്പം സി.പി.എമ്മിലെ കെ. രാധാകൃഷ്ണൻ എം.പിയും മറ്റു ഇൻഡ്യ കക്ഷികൾക്കൊപ്പം സഭക്കുള്ളിലെ പ്രതിഷേധത്തിൽ ചേർന്നു.
ചോദ്യോത്തര വേള തടസ്സപ്പെടുത്തിയുള്ള പ്രതിപക്ഷ പ്രതിഷേധവും അവസാനിപ്പിക്കണമെന്ന് സ്പീക്കർ ഓം ബിർളയുടെ ആവശ്യം എം.പിമാർ ചെവിക്കൊണ്ടില്ല. ബിൽ പാസാക്കാനായി ചർച്ചക്കെടുക്കുമ്പോൾ എതിർക്കാമെന്നും സ്പീക്കർ പറഞ്ഞുനോക്കിയെങ്കിലും പ്രതിപക്ഷം ശാന്തരായില്ല.


