‘ഇന്നലെ എന്റെ റസ്‌റ്റോറന്റില്‍ 50 രൂപയുടെ കച്ചവടം മാത്രമാണ് നടന്നത്. എന്റെ വേദന കൂടി മനസ്സിലാക്കൂ’; കരിങ്കൊടി കാണിച്ച ഹിമാചലിലെ പ്രളയ ബാധിതരോട് കങ്കണ
text_fieldsഷിംല: നാട്ടുകാരുടെ ഗോബാക്ക് വിളിയും കരിങ്കൊടിയും നേരിട്ട് ബോളിവുഡ് നടിയും മാണ്ഡിയിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മണാലിയിലെ മഴക്കെടുതി ബാധിച്ച പ്രദേശം സന്ദർശിച്ചപ്പോഴാണ് ജനരോഷം നേരിട്ടറിഞ്ഞത്. ‘കങ്കണ മടങ്ങിപ്പോവൂ, നിങ്ങൾ വൈകിപ്പോയി’ എന്ന മുദ്രാവാക്യം അവിടെ മുഴങ്ങി.
കങ്കണക്കെതിരെ നാട്ടുകാർ അതൃപ്തി പ്രകടിപ്പിക്കുന്ന വിഡിയോകൾ വൈറലായി. അതിലവർ കരിങ്കൊടികൾ പിടിച്ച് മുദ്രാവാക്യം വിളിക്കുന്നതു കാണാം. കങ്കണയോടൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും മറ്റുള്ളവരും താമസക്കാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചൂടേറിയ വാക്കേറ്റങ്ങളും നടന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ഒടുവിൽ പൊലീസിന് ഇടപെടേണ്ടി വന്നു.
എന്നാൽ, ഒരു വിഡിയോയിൽ റണാവത്ത് നാട്ടുകാരോട് തന്നെ ചോദ്യം ചെയ്യരുതെന്നും ആക്രമിക്കരുതെന്നും പറയുന്നതായി കാണാം. ‘എന്റെ വീടും എന്റെ റസ്റ്റോറന്റും ഇവിടെയാണ്. ഇന്നലെ വെറും 50 രൂപയുടെ കച്ചവടം മാത്രമാണ് നടന്നത്. 15 ലക്ഷം രൂപ ശമ്പളം കൊടുക്കേണ്ടതുണ്ട്. എന്റെ വേദനയും മനസ്സിലാക്കാൻ ശ്രമിക്കുക’ എന്നവർ അഭ്യർഥിച്ചു. ഞാൻ ഒരു ഹിമാചലുകാരിയാണെന്നും അവിവാഹിതയായ സ്ത്രീയാണെന്നും ഒന്നും ചെയ്യുന്നില്ല എന്ന മട്ടിൽ തന്നെ ആക്രമിക്കരുതെന്നും അവർ പറഞ്ഞു. ‘ഇംഗ്ലണ്ടിന്റെ രാജ്ഞിയാണെന്നപോലെ എന്നോട് പെരുമാറരുത്. എനിക്ക് സ്വന്തമായി ഉപജീവനമാർഗം കണ്ടെത്തേണ്ടതുണ്ടെ’ന്നും അവർ നാട്ടുകാരുടെ മുന്നിൽ പറഞ്ഞു.
ഹിമാചലിന് കേന്ദ്രത്തിൽ നിന്ന് 10,000 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട കങ്കണ സംസ്ഥാന സർക്കാർ എത്രമാത്രം ഇവിടെ പ്രവർത്തിച്ചുവെന്ന് പരിശോധിക്കാനാണ് താൻ ഇവിടെയെത്തിയെന്നും പറഞ്ഞു. മണാലിയിലെ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ ഗോവിന്ദ് സിംഗ് താക്കൂറും താമസക്കാരും അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റ് നഷ്ടങ്ങളുടെയും വിവരങ്ങൾ അവരെ അറിയിച്ചു. അപകടാവസ്ഥയിലുള്ള വീടുകളിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സിങ് പറഞ്ഞു.
ആഗസ്റ്റ് 25നും ആഗസ്റ്റ് 26നും കുളുവിലും മണാലിയിലും പലയിടങ്ങളിലും കനത്ത മഴയിൽ മണ്ണിടിച്ചിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായി. ബിയാസ് നദിയിലെ ശക്തമായ ഒഴുക്കിൽ ഒരു ബഹുനില ഹോട്ടലും നാലു കടകളും ഒഴുകിപ്പോയി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയ പാതയുടെയും മണാലി-ലേ ഹൈവേയുടെയും ഭാഗങ്ങൾ ഒലിച്ചുപോയി. കുളു നഗരം, ബസ് സ്റ്റാൻഡ്, ബിന്ദു ധങ്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന മണാലിയുടെ തീര റോഡിലും വ്യാപക നാശനഷ്ടമുണ്ടായി. മണാലിക്ക് സമീപമുള്ള പ്രദേശത്തെ വീടുകളിൽ വെള്ളം കയറി.