Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ വിവാഹം...

ഗുജറാത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം; നിയമത്തിൽ ഭേദഗതി വരുത്താൻ നീക്കം

text_fields
bookmark_border
ഗുജറാത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം; നിയമത്തിൽ ഭേദഗതി വരുത്താൻ നീക്കം
cancel

അഹ്മദാബാദ്: ഗുജറാത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മാതാപിതാക്കളെ വിവരമറിയിക്കണമെന്നതുൾപ്പടെ പ്രണയവിവാഹങ്ങളിൽ ഭേദഗതിയുമായി ഗുജറാത്ത് സർക്കാർ. നിയമസഭയിൽ ഭേദഗതി അവതരിപ്പിച്ച ഉപമുഖ്യമന്ത്രി ഹർഷ സംഘവിയാണ് പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്. സർക്കാർ പ്രണയവിവാഹത്തിന് എതിരല്ലെന്നും പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കാനുമാണ് ഭേദഗതിയിലൂ​ടെ ലക്ഷ്യമിടുന്നതെന്നും ഹർഷ സംഘവി പറഞ്ഞു.

പുതിയ മാർഗനിർദേശം പ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വധൂവരന്മാർ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടോ എന്ന സത്യവാങ്മൂലം സമർപ്പിക്കണം. ശേഷം അസിസ്റ്റന്റ് രജിസ്ട്രാർ വഴി ഇരുവരുടെയും മാതാപിതാക്കൾക്ക് ഫോൺവഴിയോ നേരിട്ടോ ഔദ്യോഗിക അറിയിപ്പ് നൽകും. അപേക്ഷകളിൽ വധൂവരൻമാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെയും പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്ന് വ്യക്തമാക്കണം. അപേക്ഷ താലൂക്ക് രജിസ്ട്രാറാണ് പിന്നീട് പരി​ഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‌ലോഡ് ചെയ്യും.

രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് പട്ടേൽ, ഠാക്കൂർ, ക്ഷത്രിയ തുടങ്ങിയ സമുദായങ്ങൾ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ഭേ​ദ​ഗതിസംബന്ധിച്ച് പൊതുജനങ്ങിൽനിന്ന് നിർദേശം സ്വീകരിക്കും. ഇവ ഒരു സമിതി പരിശോധിച്ചശേഷമാകും അന്തിമ നിയമം തയാറാക്കുക. സർക്കാറിന്റെ ഈ നീക്കത്തെ ആം ആദ്മി പാർട്ടി സ്വാഗതം ചെയ്തു. അതേസമയം കോൺഗ്രസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ സർക്കാർ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധർ രംഗത്തുവന്നിട്ടുണ്ട്​. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള പൗരാവകാശത്തിന്റെ ലംഘനമാണിതെന്ന് അഡ്വക്കറ്റ് മഹേഷ് ബാരിയ പറഞ്ഞു.

Show Full Article
TAGS:Marriage Registration amendment Gujarat India 
News Summary - Gujarat may tweak marriage norms
Next Story