ഇംഫാലിൽ അസം റൈഫിൾസിന്‍റെ വാഹനം ആക്രമിച്ചു; രണ്ട് ജവാന്മാർക്ക് വീരമൃത്യു
text_fieldsഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ആക്രമണം. അസം റൈഫിൾസിലെ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. ബിഷ്ണുപൂർ ജില്ലയിൽ ആയുധധാരികളായ ഒരു സംഘം അർധസൈനിക വിഭാഗത്തിന്റെ വാഹനം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 5.50 ഓടെ നംബോൾ സബൽ ലെയ്കായ് പ്രദേശത്താണ് സംഭവം. നായിക് സുബേദാർ ശ്യാം ഗുരുങ്, റൈഫിൾമാൻ കേശപ്പ് എന്നിവരാണ് മരിച്ചത്. ഇംഫാലിൽനിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഒരു സംഘം തോക്കുധാരികൾ പതിയിരുന്ന് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിക്കേറ്റ അഞ്ചുപേരെ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു. തീവ്രവാദികളെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള അക്രമസ്ഥലത്തുനിന്ന് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും നിരവധി വെടിയുണ്ടകൾ കണ്ടെടുത്തു.