‘മനഃസാക്ഷിയെ ഞെട്ടിച്ച വിദ്വേഷ പരസ്യം’
text_fieldsന്യൂഡൽഹി: ‘ഹംദർദ്’ കമ്പനിയുടെ ‘റൂഹഫ്സ’ സർബത്ത് ജിഹാദാണെന്നും അതിനു കൊടുക്കുന്ന പണം മസ്ജിദും മദ്റസയുമുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെന്നുമുള്ള ബാബ രാംദേവിന്റെ വിദ്വേഷ പരസ്യം മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് ഡൽഹി ഹൈകോടതി. ആ വിഡിയോ കണ്ട് സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ലെന്ന് അഭിപ്രായപ്പെട്ട കോടതി വിഡിയോ പിൻവലിച്ച് ഭാവിയിൽ ഇതാവർത്തിക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ബാബ രാംദേവിന്റെ അഭിഭാഷകരോട് നിർദേശിച്ചു.
താൻ ഇറക്കിയ ‘ഗുലാബ്’ സർബത്തിന് വിൽപനയുണ്ടാക്കാൻ വർഗീയ പരസ്യം ഇറക്കിയത് ചോദ്യം ചെയ്ത് ‘ഹംദർദ്’ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അമിത് ബൻസലിന്റെ ഉത്തരവ്. ഒരു നിലക്കും പ്രതിരോധിക്കാനാകാത്ത പ്രവർത്തനമാണിതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഈ പരസ്യങ്ങൾ ഉടൻ പിൻവലിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ അതിനാവശ്യപ്പെട്ടിട്ടുണ്ടെന്ന് രാംദേവിന്റെ പതഞ്ജലി കമ്പനിക്കുവേണ്ടി ഹാജരായ രാജീവ് നയാർ പറഞ്ഞു.
പരസ്യം നീക്കി ഭാവിയിൽ ഇത്തരം പ്രസ്താവനകളും പരസ്യങ്ങളും ഇറക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം അഞ്ചു ദിവസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും. മതവിദ്വേഷമുണ്ടാക്കിയതിന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഭോപാൽ പൊലീസിൽ രാംദേവിനെതിരെ പരാതി നൽകിയിട്ടുണ്ട്.
രാംദേവിന്റെ വിദ്വേഷ പരസ്യം
‘‘സർബത്തിന്റെ പേരിലുള്ള ഒരു കമ്പനി, കിട്ടുന്ന പണം മദ്റസയും മസ്ജിദും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. അതവന്റെ മതമാണ്. റൂഹഫ്സ സർബത്ത് കുടിച്ചാൽ മസ്ജിദും മദ്റസയുമുണ്ടാകും. പതഞ്ജലിയുടെ ഗുലാബ് സർബത്ത് കുടിച്ചാൽ പതഞ്ജലി വിശ്വ വിദ്യാ ബോർഡ് വളർന്ന് മുന്നോട്ടുപോകും’’ ഏപ്രിൽ മൂന്നിനാണ് വിദ്വേഷം പറഞ്ഞ് സ്വയം അഭിനയിച്ച് ബാബ രാംദേവ് ഈ വിഡിയോ ഇറക്കിയത്.