അർണബ് ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും ഒഡീഷയിലും അതിജാഗ്രത നിർദേശം; കേരളത്തിലും മഴക്ക് സാധ്യത!
text_fieldsഅമരാവതി: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ (Arnab) ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു. ബുധനാഴ്ച ആന്ധ്രപ്രദേശിലെ ബാപ്പറ്റ്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള യാനം തീരംവഴിയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. കരയിൽ പ്രവേശിക്കുന്ന സമയത്ത് മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും കനത്ത മഴക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആന്ധ്രയിൽ രണ്ടായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനകം തുറന്നിട്ടുണ്ട്. ആന്ധ്രപ്രദേശിലെ 11 തീരദേശ ജില്ലകളിൽ റെഡ് അലർട്ടും 20 ജില്ലകളിൽ അതിജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഒഡീഷയിലെ പുരി, ഗജപതി, ഗഞ്ചാം, കൊരാപ്പുട്ട്, മൽക്കൻഗിരി എന്നീ തെക്കൻ ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതലിന്റെ ഭാഗമായി എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങളെ ദുരന്തസാധ്യതയുള്ള തീരമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ജാഗ്രത നിർദേശ പ്രദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ഭരണകൂടം പ്രഖ്യാപിച്ചു. കൂടാതെ, കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് ഉടൻ കരയിലെത്താൻ നിർദേശിക്കുകയും കടലിൽ പോകുന്നതിന് പൂർണ വിലക്കേർപ്പെടുത്തുകയും ചെയ്തു.
അർണബ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ആന്ധ്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 72 ഓളം ട്രെയിൻ സർവീസുകൾ ദക്ഷിണ മധ്യ റെയിൽവേയും ഈസ്റ്റ് കോസ്റ്റ് റെയിൽവേയും ചേർന്ന് പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. സെക്കന്തരാബാദ്-ഹൗറ ഫലക്നുമ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹൈദരാബാദ്-വിശാഖപട്ടണം ഗോദാവരി എക്സ്പ്രസ്, വിശാഖ എക്സ്പ്രസ്, ഗരീബ് രഥ്, ഗൗതമി എക്സ്പ്രസ് എന്നിവ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള 32-ഓളം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് വിമാന സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്താൻ അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് കാലാവസ്ഥ വകുപ്പ് പിൻവലിച്ചിട്ടുണ്ട്. എന്നിരുന്നാലും അർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.


