Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതി നടപടി...

കോടതി നടപടി ബഹിഷ്‍കരിച്ചിട്ടും കെജ്രിവാളിന് ഹൈകോടതി നോട്ടീസ്

text_fields
bookmark_border
Arvind Kejriwal
cancel
camera_alt

അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിസ്സഹകരണം പ്രഖ്യാപിച്ചിട്ടും മദ്യനയ കേസിലെ ഇ.ഡി അപ്പീലുമായി ആർ.എസ്.എസ് ബന്ധം ആരോപിക്കപ്പെട്ട ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് മുന്നോട്ട്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് എൻഫോഴ്‌സ്‍മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച ഹരജികളിൽ ആം ആദ്‍മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈകോടതി വീണ്ടും നോട്ടീസ് അയച്ചു.

അതിനിടെ ജസ്റ്റിസ് സ്വർണകാന്ത ശർമ മുമ്പാകെ മദ്യനയ കേസിലെ കോടതി നടപടികളുമായി സഹകരിക്കില്ലെന്ന് അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അറിയിച്ചതിന് പിന്നാലെ പാർട്ടിയുടെ മുൻ എം.എൽ.എ ദുർഗേഷ് പഥക്കും ഇതേ തീരുമാനം എടുത്ത് കോടതിയിൽ നേരിട്ട് ഹാജരാകുകയോ, അഭിഭാഷകനെ നിയോഗിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി. ഇവരുടെ തീരുമാനത്തെ പിന്തുണച്ച് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്തുവരുകയും ചെയ്തു.

എന്നാൽ, ഇവരുടെ നിസ്സഹകരണത്തിനിടയിലും കേസുമായി മുന്നോട്ടുപോകാനാണ് ഹൈകോടതി തീരുമാനം. മദ്യനയ കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകാത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കെജ്രിവാളിന് അത് നൽകിയതായി രജിസ്ട്രിയിൽ കാണുന്നില്ലെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കെജ്രിവാളിനുവേണ്ടി ആരും ഹാജരായതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ കെജ്രിവാൾ മനപ്പൂർവം സമൻസുകൾ നിരാകരിച്ചതാണെന്നാണ് ഇ.ഡിയുടെ പരാതി. ഹരജി പരിഗണിക്കുന്നത് കോടതി ജൂലൈ 22 ലേക്ക് മാറ്റി.

Show Full Article
TAGS:high court Arvind Kejriwal Liquor scam case Latest News 
News Summary - High Court notice to Kejriwal despite boycotting court proceedings
Next Story