Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമേഷ്യൻ യുദ്ധം:...

പശ്ചിമേഷ്യൻ യുദ്ധം: ഊർജ്ജ പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം

text_fields
bookmark_border
Narendra Modi
cancel
camera_alt

നരേന്ദ്ര മോദി

ന്യൂഡൽഹി: ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഇന്ധന-ഊർജ്ജ സുരക്ഷ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ഉന്നതതല യോഗം ചേരും. മുതിർന്ന കേന്ദ്ര മന്ത്രിമാരും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ പെട്രോളിയം, വൈദ്യുതി, വളം എന്നീ മേഖലകളിലെ നിലവിലെ സ്ഥിതിഗതികളാകും പ്രധാനമന്ത്രിയും സംഘവും വിലയിരുത്തുക.

ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണത്തിന് ഇടയാക്കിയ അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തെത്തുടർന്നാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു തിരിച്ചടിയായി ഇസ്രായേലിനും മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ വഷളായി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യുദ്ധം ആരംഭിച്ച ശേഷം യുദ്ധം അവസാനിപ്പിക്കാനായി ഇറാനെ ചർച്ചക്ക് ക്ഷണിച്ചെങ്കിലും ഖാംനഈ ഉൾപ്പെടെ കൊല്ലപ്പെട്ട ഇറാന്റെ നേതാക്കൾക്കളുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഇറാൻ ട്രംപിനെ അറിയിച്ചത്. ഇതോടെ ഗൾഫ് മേഖലയിലേക്കും ആക്രമണം വ്യാപിക്കുകയായിരുന്നു.

ആക്രമണം രൂക്ഷമായതോടെ ഹുർമുസ് കടലിടുക്ക് ഇറാൻ താൽകാലികമായി അടച്ചിരുന്നു. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ, ചരക്ക് കപ്പലുകളുടെ വരവ് നിശ്ചലമായി. കടലിടുക്ക് കടക്കുന്ന കപ്പലുകൾക്ക് അമേരിക്ക സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും കപ്പലുകൾ കടലിടുക്ക് കടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ വിവിധ രാജ്യങ്ങളിൽ ഇന്ധക്ഷാമം രൂക്ഷമായി. എന്നിരുന്നാലും ഇന്ത്യയുമായുള്ള ഇറാന്റെ സൗഹൃദബന്ധം രാജ്യത്തേക്ക് ഗ്യാസ് ചരക്ക് കപ്പലിനുള്ള സഞ്ചാരപാത തുറക്കാൻ ഇടയാക്കിയിട്ടുണ്ട്.

രാജ്യത്ത് തടസ്സമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കുക, ഇന്ധന നീക്കത്തിനുള്ള ലോജിസ്റ്റിക്സ് സൗകര്യങ്ങൾ സജ്ജമാക്കുക, അന്താരാഷ്ട്ര വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പ് വരുത്തുക എന്നതാണ് ഇന്നത്തെ യോഗത്തിലെ പ്രധാന ലക്ഷ്യങ്ങൾ.

'പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. സമാധാനവും ക്ഷമയും പാലിച്ച് ഈ വെല്ലുവിളിയെ നാം അതിജീവിക്കും,' എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഫ്രാൻസ് തുടങ്ങി പത്തിലധികം രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ഇതിനോടകം ടെലിഫോണിൽ ചർച്ച നടത്തിക്കഴിഞ്ഞു. ഉപഭോക്താക്കളെയും വ്യവസായ മേഖലയെയും ബാധിക്കാത്ത രീതിയിൽ ഇന്ധന വിലയും വിതരണവും സ്ഥിരമായി നിലനിർത്താനുള്ള നിർണ്ണായക തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിൽ ഉണ്ടായേക്കും.

Show Full Article
TAGS:Israel Iran War Prime Minister Narendra Modi Strait of Hormuz Energy crisis 
News Summary - Israel Iran War High-level meeting chaired by Prime Minister today to overcome energy crisis
Next Story