ഇനി രാജ്യത്ത് തീവ്ര നക്സൽ ബാധിത ജില്ലകൾ മൂന്ന്
text_fieldsന്യൂഡൽഹി: രാജ്യത്ത് തീവ്ര നക്സൽ ബാധിത ജില്ലകൾ ആറിൽനിന്ന് മൂന്നായി കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഛത്തിസ്ഗഢിലെ ബിജാപൂർ, സുക്മ, നാരായൺപൂർ എന്നിവയാണ് തീവ്രബാധിത പട്ടികയിൽ അവശേഷിക്കുന്ന ജില്ലകൾ.
ഛത്തിസ്ഗഢിലെ കാങ്കർ, ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലകളാണ് തീവ്രബാധിത പട്ടികയിൽനിന്ന് ഒഴിവായത്. ആകെ നക്സൽ ബാധിത ജില്ലകളുടെ എണ്ണം ആറു മാസത്തിനിടെ 18ൽനിന്ന് 11 ആയി കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലം പറയുന്നു. 2013ൽ രാജ്യത്ത് 126 ജില്ലകളാണ് നക്സൽ ബാധിത പട്ടികയിലുണ്ടായിരുന്നത്.
ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു, ഒഡിഷയിലെ കാലഹണ്ഡി, മൽക്കൻഗിരി, തെലങ്കാനയിലെ ഭദ്രാദ്രി-കോതഗുഡെം, മുലുഗു, ഝാർഖണ്ഡിലെ ലത്തേഹാർ, ഒഡിഷയിലെ നുവാപാഡ എന്നിവയാണ് നക്സൽ ബാധിത പട്ടികയിൽനിന്നും ഒഴിവാക്കിയ ജില്ലകൾ. ഇതോടെ, ആന്ധ്രയും തെലങ്കാനയും പട്ടികയിൽനിന്ന് പുറത്തായി.
2025 മാർച്ചിൽ പുറത്തിറക്കിയ നക്സൽബാധിത പട്ടികയിൽനിന്ന് വയനാട്, കണ്ണൂർ, ഝാർഗ്രാം ജില്ലകളെ ഒഴിവാക്കിയതോടെ കേരളവും, പശ്ചിമ ബംഗാളും പുറത്തായിരുന്നു. കണ്ണൂർ, വയനാട് ജില്ലകളെ പട്ടകിയിൽനിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ദിവസങ്ങൾക്കു മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
2025ൽ സി.പി.ഐ (മാവോവാദി) ജനറൽ സെക്രട്ടറിയും മറ്റ് എട്ട് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 312 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 836 പേർ അറസ്റ്റിലാകുകയും 1,639 പേർ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ചെയ്തു. മുതിർന്ന സി.പി.ഐ (മാവോവാദി) നേതാവ് മല്ലോജുല വേണുഗോപാൽ റാവു എന്ന ഭൂപതിയും 60 പേരും കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ കീഴടങ്ങിയിരുന്നു. 2026 മാർച്ചോടെ രാജ്യത്തുനിന്ന് നക്സലിസം ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.


