Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ തിരിച്ചടി:...

ഡൽഹിയിലെ തിരിച്ചടി: ആപ്പിന്റെ വഴിയടയുന്നോ?

text_fields
bookmark_border
ഡൽഹിയിലെ തിരിച്ചടി: ആപ്പിന്റെ വഴിയടയുന്നോ?
cancel
camera_alt

അരവിന്ദ് കെജ്രിവാൾ

ക്സിറ്റ് പോൾ പ്രവചനങ്ങളെ അപ്പാടെ ശരിവെക്കുന്ന തെരഞ്ഞെടുപ്പു ഫലമാണ് രാജ്യതലസ്ഥാനത്ത് ശനിയാഴ്ച കണ്ടത്. 27 വർഷത്തിനു ശേഷം ബി.ജെ.പിക്ക് വീണ്ടും അധികാരം നൽകി ‘ഡബിൾ എൻജിൻ’ സർക്കാറിന് ഡൽഹി ജനത വഴിയൊരുക്കിയിരിക്കുകയാണ്. ആം ആദ്മി പാർട്ടിക്ക് (എ.എ.പി) അധികാരം നിലനിർത്തുകയെന്ന അനിവാര്യ ഘട്ടത്തിലെ നിർണായക തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിലെത്താൻ കഴിയാതെ വരുമ്പോൾ, അതിന്റെ പ്രതിഫലനം ഡൽഹിയിൽ മാത്രം ഒതുങ്ങുന്നതല്ല. നിലവിലെ രാഷ്ട്രീയ അപചയങ്ങൾക്ക് പരിഹാരമെന്ന നിലയിൽ ഒരു വ്യാഴവട്ടം മുമ്പ് അരവിന്ദ് കെജ്രിവാളും സംഘവും തുടങ്ങിവെച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി പോലും ചോദ്യം ചെയ്യപ്പെടുന്നതാകും ഈ തെരഞ്ഞെടുപ്പ് ഫലം.

അണ്ണാ ഹസാരെ മുന്നിൽനിന്ന് നയിച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽനിന്നാണ് കെജ്രിവാളിന്റെ പോളിറ്റിക്കൽ ‘സ്റ്റാർട്ടപ്പാ’യ എ.എ.പി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പിറന്നുവീണത്. 2013ൽ കോൺഗ്രസിനൊപ്പം സഖ്യകക്ഷി സർക്കാർ രൂപവത്കരിച്ച് കെജ്രിവാൾ ഇന്ദ്രപ്രസ്ഥത്തിലെ പുതിയ രാജാവായി. സഖ്യകക്ഷി സർക്കാറിന് ആയുസ്സ് ഏറെയുണ്ടായിരുന്നില്ല. 49 ദിവസം മാത്രമാണ് സർക്കാർ നിലനിന്നത്. കോൺഗ്രസുമായി ഒത്തുപോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ കെജ്രിവാൾ രാജിവെച്ചു. 2015ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. അത്തവണത്തെ ജനവിധിയിൽ കോൺഗ്രസിനെയും തൊട്ടുമുമ്പത്തെ വർഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ ബി.ജെ.പിയെയും നിഷ്പ്രഭമാക്കി കെജ്രിവാൾ അധികാര കസേരയിൽ ഇരിപ്പുറപ്പിച്ചു.

വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സ്ത്രീസുരക്ഷ തുടങ്ങിയ അടിസ്ഥാന മേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെ അധികാരത്തിൽ വന്ന എ.എ.പി, തങ്ങളുടെ വാക്ക് അക്ഷരം പ്രതി പാലിക്കുന്ന കാഴ്ചക്കാണ് അടുത്ത അഞ്ച് വർഷം ഡൽഹി സാക്ഷ്യം വഹിച്ചത്. അഴിമതിമുക്ത ഭരണം സ്വപ്നംകണ്ട ഡൽഹി ജനതക്ക് എ.എ.പി സമ്മാനിച്ചത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തന്നെയാണ്. തുടക്ക കാലത്ത് പാർട്ടിയിലേക്ക് വൻ തോതിലാണ് പുതിയ ആളുകളെത്തിയത്. വിദേശത്തെ ജോലികൾ പോലും ഉപേക്ഷിച്ച് കെജ്രിവാളിനെ പിന്തുണക്കാൻ ആളുകളെത്തി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനായതോടെ 2020ലെ തെരഞ്ഞെടുപ്പിലും ‘സാധാരണക്കാരന്റെ പാർട്ടി’ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച നേടി.

എന്നാൽ, തുടർച്ചയായ രണ്ട് ഭരണകാലയളവ് പൂർത്തിയാക്കുമ്പോൾ ഡൽഹി നേരിടുന്ന വെല്ലുവെളികൾ എ.എ.പിക്ക് പരിഹരിക്കാവുന്നതിലും അപ്പുറത്താണ്. വായുമലിനീകരണത്താൽ ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനത്ത് കുടിവെള്ള പ്രശ്നവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷം. ഈ പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാറിനെ പഴിക്കുന്നതിനപ്പുറത്ത് ക്രിയാത്മക നടപടികൾ എന്തെങ്കിലും സ്വീകരിക്കാൻ എ.എ.പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ബി.ജെ.പിക്ക് പുറമെ, ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെയും നിശിതമായി വിമർശിക്കുന്ന കെജ്രിവാളിനെയാണ് കണ്ടത്.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണം എ.എ.പിക്ക് ഇടക്കാലത്ത് തിരിച്ചടിയായി. കേസിൽ പാർട്ടിയിലെ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിയിക്കാനായില്ലെങ്കിലും, കെജ്രിവാൾ ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. അഴിമതിക്കെതിരായ പ്രവർത്തനത്തിലൂടെ ഉയർന്നുവന്ന പാർട്ടിയെ, അഴിമതിയുടെ പേരിൽ പ്രതിക്കൂട്ടിലാക്കാൻ ബി.ജെ.പിക്കും കേന്ദ്ര ഏജൻസികൾക്കും കഴിഞ്ഞു. ജയിലിൽനിന്ന് പുറത്തിറങ്ങിയ കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം അതിഷി മർലേനക്ക് കൈമാറി താനൊരു അധികാരമോഹിയല്ലെന്ന സന്ദേശം ഡൽഹിക്ക് നൽകി.

അതിഷി മർലേന

എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തിറക്കിയ പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളും മുഖ്യ എതിരാളികളായ ബി.ജെ.പിയുടേതിന് സമാനമായിരുന്നു. ഹിന്ദു, സിഖ് പുരോഹിതർക്ക് ശമ്പളം, പിന്നാക്ക ജാതിക്കാരായ വിദ്യാർഥികൾക്ക് വിദേശ വിദ്യാഭ്യാസം, ഡൽഹിയിൽ മുച്ചക്ര വാഹനം ഓടിക്കുന്നവരുടെ പെൺമക്കൾക്ക് വിവാഹസഹായം, സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന ധനസഹായത്തിലെ വർധന എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങളുടെ നിര. ഇതിലും വലിയ വാഗ്ദാനങ്ങളുമായെത്തിയ ബി.ജെ.പി അതിനൊപ്പം വർഗീയ ധ്രുവീകരണവും ചേർത്ത് പടക്കിറങ്ങിയപ്പോൾ എ.എ.പി പിന്നിലായി. ന്യൂനപക്ഷ, പിന്നാക്ക വോട്ടുകൾ എ.എ.പിക്കും കോൺഗ്രസിനുമിടയിൽ ഭിന്നിച്ചപ്പോൾ അതും രാജ്യതലസ്ഥാനത്ത് ഭരണത്തിലെത്താനുള്ള ബി.ജെ.പിയുടെ ഏറെക്കാലത്തെ മോഹങ്ങൾക്ക് കരുത്തുപകർന്നു.

തോൽവിയുടെ പ്രതിഫലനം ഡൽഹിക്കപ്പുറവും

ആദ്യതവണ അധികാരത്തിൽ എത്തിയതിനു പിന്നാലെതന്നെ ഡൽഹിക്ക് പുറത്തേക്ക് പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കം എ.എ.പി ആരംഭിച്ചിരുന്നു. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ 2022ൽ കോൺഗ്രസിനെ പുറത്താക്കി പഞ്ചാബ് പിടിക്കാൻ എ.എ.പിക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ 92 സീറ്റുകളിൽ ജയിച്ചുകയറിയ എ.എ.പി കോൺഗ്രസിനെ 18 സീറ്റിലൊതുക്കി. അകാലിദൾ മൂന്ന് സീറ്റിലും ബി.ജെ.പി രണ്ടിടത്തും മാത്രമാണ് ജയിച്ചത്. കോൺഗ്രസിലെ പടലപ്പിണക്കവും അവിടെ ആപ്പിന് തുണയായി.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്രിവാൾ

പഞ്ചാബിന് പുറമെ ഗുജറാത്തിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇടക്കാലത്ത് എ.എ.പിക്ക് കഴിഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഷെയർ രണ്ടക്കം കടത്താൻ പാർട്ടിക്കായി. ഒറ്റക്ക് മുന്നേറാൻ കാണിച്ച ഈ ധൈര്യം പക്ഷേ സഖ്യകക്ഷിയായ കോൺഗ്രസിനെ എ.എ.പിയിൽനിന്ന് അകലം പാലിക്കാൻ നിർബന്ധിതമാക്കുകയും ബി.ജെ.പിക്കെതിരെ ഒറ്റക്ക് പോരാടേണ്ട സ്ഥിതിവിശേഷമുണ്ടാക്കുകയും ചെയ്തു. ഡൽഹിയിലേറ്റ പരാജയത്തിന്റെ പ്രതിഫലനം ഈ സംസ്ഥാനങ്ങളിലുമുണ്ടാകും. രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവമായെത്തിയ എ.എ.പിയും കെജ്രിവാളും ഡൽഹിയിൽ പ്രതിപക്ഷത്ത് എത്തുമ്പോൾ, പാർട്ടിയുടെ നിലനിൽപ്പിനായി ഭാവി പദ്ധതികളിൽ കാര്യമായ വ്യക്തത വരേണ്ടത് അനിവാര്യമായിരിക്കുന്നു.

Show Full Article
TAGS:Delhi Assembly Election 2025 AAP Arvind Kejriwal Atishi Marlena 
News Summary - How will affect Delhi Election Result in the future of AAP?
Next Story