ഇന്ത്യയിലെ ഏറ്റവും മികച്ച ജീവിതസൗകര്യമുള്ള മെട്രോ നഗരമായി ഹൈദരാബാദ്
text_fieldsഹൈദരാബാദ്: ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഏറ്റവും മികച്ച ജീവിതസൗകര്യങ്ങളുള്ള നഗരമായി ഹൈദരാബാദ്. ബംഗളൂരു ആസ്ഥാനമായുള്ള 'അൺബോക്സിങ് ബി.എൽ.ആർ' എന്ന കൂട്ടായ്മ പുറത്തുവിട്ട ‘വി ആർ സിറ്റി 2026’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം.
രാജ്യത്തെ എട്ട് പ്രമുഖ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് ഒന്നാമതെത്തിയത്. ചെലവ് കുറഞ്ഞ യാത്രാസൗകര്യങ്ങൾ, മികച്ച പാർപ്പിട-അടിസ്ഥാന സൗകര്യങ്ങൾ, മികച്ച കാലാവസ്ഥ എന്നിവയാണ് ഹൈദരാബാദിനെ നേട്ടത്തിന് അർഹമാക്കിയത്. യാത്ര, വൈവിധ്യം, വിനോദസഞ്ചാരം, പാർപ്പിടം-അടിസ്ഥാനസൗകര്യങ്ങൾ, കാലാവസ്ഥ എന്നീ അഞ്ച് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇതിൽ മൂന്ന് വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഹൈദരാബാദിനെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താക്കിയത്.
സുരക്ഷിതവും പ്രാപ്യവുമായ പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളുടെയും വിഭാഗത്തിൽ കൊൽക്കത്തയാണ് ഒന്നാമത്. യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ ഡൽഹി എൻ.സി.ആർ ആദ്യത്തിലെത്തി. ചെന്നൈയാണ് ഏറ്റവും വൈവിധ്യം നിറഞ്ഞ നഗരം എന്ന വിശേഷണം സ്വന്തമാക്കിയത്. മികച്ച കാലാവസ്ഥയുള്ള നഗരങ്ങളിൽ ബംഗളൂരു ഒന്നാമതെത്തിയപ്പോൾ ഹൈദരാബാദ് നാലാം സ്ഥാനത്താണ്.
വ്യക്തിഗതമായി ഒരു മാനദണ്ഡത്തിലും ഹൈദരാബാദ് ഒന്നാമത് എത്തിയില്ലെങ്കിലും, വിവിധ വിഭാഗങ്ങളിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഹൈദരാബാദിനെ രാജ്യത്തെ ഏറ്റവും മികച്ച താമസയോഗ്യമായ മെട്രോ നഗരമാക്കി മാറ്റിയത്.
ഡൽഹി എൻ.സി.ആർ, ഗ്രേറ്റർ മുംബൈ തുടങ്ങിയ വൻനഗരങ്ങളെ സാമ്പത്തിക വളർച്ചയിലും നഗരവികസനത്തിലും പിന്നിലാക്കിയാണ് ദക്ഷിണേന്ത്യൻ ഐ.ടി ഹബ്ബുകളായ ബംഗളൂരുവും ഹൈദരാബാദും മുന്നേറുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ പ്രധാന എട്ട് നഗരങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ ആകെ ഗ്രേഡ്-എ ഓഫിസ് സ്ഥലത്തിന്റെ 53 ശതമാനവും ഈ രണ്ട് നഗരങ്ങളിലാണ്.


