'മൂന്ന് മാസത്തിനിടെ ഞാൻ മാധ്യമങ്ങളെ കണ്ടത് 50 തവണ'; 25 വർഷമായി പൊതുരംഗത്ത്, എന്നിട്ടും മാധ്യമങ്ങളെ കാണാൻ മോദിക്ക് മടി എന്തിനെന്ന് അഭിജീത് ദിപ്കെ
text_fieldsകൊച്ചി: 25 വർഷത്തിലേറെയായി പൊതുപ്രവർത്തന രംഗത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50ലധികം തവണ താൻ മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ജന്തർമന്തർ അറ്റ് കൊച്ചി’ എന്ന പേരിൽ രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2029 വരെ എൻ.ഡി.എ സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് അവകാശവാദമെങ്കിലും ജനങ്ങൾ അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യുവജനങ്ങളുടെ ഭാവി തകർക്കുന്ന തരത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പാകിസ്താൻ അനുകൂലികളെന്നോ, അമേരിക്കൻ അനുകൂലികളെന്നോ മുദ്രകുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെയും ഇൻഫർമേഷൻ കമീഷണർ നന്ദകുമാറിന്റെയും രാജിയും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൂഡോയിൽ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മോദി കീഴടങ്ങിയെന്നും ട്രംപിന്റെ പാവയെപ്പോലെയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി സ്വന്തം കസേര സംരക്ഷിക്കുന്നതിനാണ് രാജ്യത്തിന്റെ ഭാവിയേക്കാൾ മുൻഗണന നൽകുന്നതെന്ന് അഭിജീത് വിമർശിച്ചു. രാജ്യത്തുടനീളം കലാപങ്ങൾ സൃഷ്ടിച്ച് അധികാരം കയ്യിലൊതുക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിലെ തങ്ങളുടെ സമരം തികച്ചും സമാധാനപരവും ജനാധിപത്യപരവുമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൂരമായ മർദ്ദനങ്ങൾ സഹിച്ചും അഹിംസയുടെ പാത പിന്തുടരുന്ന ചെറുപ്പക്കാരെ സർക്കാർ 'അരാജകവാദികൾ' എന്ന് മുദ്രകുത്തുകയാണെന്നും പറഞ്ഞു.
ഒക്ടോബർ 10-ന് ഡൽഹിയിൽ നടന്ന പ്രതിഷേധ സമരം നേരിടാൻ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും തലസ്ഥാനത്തെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തതിനൊപ്പം ഇന്റർനെറ്റും വിച്ഛേദിച്ചു. കൂടാതെ, സമരം നിയന്ത്രിക്കാൻ 40,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
എന്നാൽ, ഈ അടിച്ചമർത്തലുകൾ പ്രതിഷേധത്തിന്റെ പരാജയമല്ല, മറിച്ച് സർക്കാരിന്റെ യഥാർത്ഥ മുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കേണ്ട സൈന്യത്തെ, സ്വന്തം അവകാശങ്ങൾക്കായി സമാധാനപരമായി തെരുവിലിറങ്ങിയ ചെറുപ്പക്കാർക്ക് നേരെ ഡൽഹി നഗരമധ്യത്തിൽ വിന്യസിച്ചതിനെയും ദിപ്കെ രൂക്ഷമായി ചോദ്യം ചെയ്തു. അതേസമയം, കേരളം യഥാർത്ഥത്തിൽ 'ദൈവത്തിന്റെ സ്വന്തം നാട്' തന്നെയാണെന്ന് അഭിജീത് ദീപ്കെ പ്രശംസിച്ചു. ഇത്രയധികം സാക്ഷരരും അറിവുള്ളവരുമായ ജനങ്ങളെ മറ്റൊരിടത്തും കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് ലഭിച്ച സ്വീകരണത്തിനും അളവറ്റ സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


