Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസു​പ്രീംകോടതിക്ക്...

സു​പ്രീംകോടതിക്ക് സ്വന്തം ഉത്തരവ് ബാധകമല്ലേ? 2018 മുതൽ കേസിൽ തുടരുന്ന സ്റ്റേ ചൂണ്ടി വിമർശനം

text_fields
bookmark_border
Ignoring own orders, Supreme Court has kept case in limbo since 2018
cancel
camera_altജിം കോർബറ്റ് ടൈഗർ റിസർവിൽ നിന്നുള്ള ദൃശ്യം

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിന് സ്വന്തം ഉത്തരവ് ബാധകമല്ലേ? ആണെന്നും എന്നാൽ, അത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് ആരോപണമുയരുന്നത്. ഉത്തരാഖണ്ഡിലെ കോർബറ്റ് ടൈഗർ റിസർവിൽ (സി.ടി.ആർ) മൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഏർപ്പെടുത്തിയ ഉത്തരവ് കഴിഞ്ഞ ഏഴ് വർഷമായി നിലനിൽക്കുകയാണ്. ഇത് ക്രിമിനൽ കാര്യങ്ങളിൽ അനാവശ്യമായി ദീർഘകാലത്തേക്ക് സ്റ്റേ തുടരരുതെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവിന് കടകവിരുദ്ധമാണെന്ന് ചൂണ്ടിയാണ് വിമർശനമുയരുന്നത്.

കഴിഞ്ഞ ദിവസം, കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സി.ബി.ഐയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകൻ അതുൽ സതി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസും അനുബന്ധ നടപടികളും വീണ്ടും വാർത്തകളിൽ നിറയുന്നത്. ഇതിനിടെ, പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ പരാമർശിച്ചുകൊണ്ട് കേസിലെ നടപടികൾ സ്റ്റേ ചെയ്ത ഉത്തരവ് റദ്ദാക്കണമെന്ന അപേക്ഷയുമായി സി.ബി.ഐയും കോടതിയെ സമീപിച്ചിട്ടുണ്ട്.

വനംവകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് ​മൃഗവേട്ട നടന്നതെന്ന് സി.ബി.ഐ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കടുവകളടക്കം മൃഗങ്ങൾ കൊല്ലപ്പെട്ട വിവരം ഉദ്യോഗസ്ഥർ മറച്ചുവെച്ചു. ദേശീയ തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തലുണ്ടായിരുന്നു.

ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, 2018 സെപ്റ്റംബർ നാലിന് അഞ്ചുവർഷക്കാലം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ മൃഗവേട്ടക്കേസുകളിലും ഉത്തരാഖണ്ഡ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രണ്ടര വർഷത്തിനിടെ 40 കടുവകളും 272 പുള്ളിപ്പുലികളും സംസ്ഥാനത്ത് ചത്തുവെന്ന കണ്ടെത്തലിന് പിന്നാലെ, സംഭവങ്ങളിൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ​അ​ന്വേഷണം.

എന്നാൽ, അതേ വർഷം ഒക്ടോബർ 22ന് വിരമിച്ച പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി.എസ് ഖാതി സമർപ്പിച്ച അപ്പീലിൽ എക്സ്-പാർട്ടെ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഹൈകോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും സമർപ്പിച്ച ശാസ്ത്രീയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേ അനന്തമായി തുടരുന്നത് കടുവ വേട്ടക്ക് പിന്നിലുള്ള അന്തർദേശീയ, അന്തർസംസ്ഥാന ശൃംഖലയെ കണ്ടെത്തി നശിപ്പിക്കാനുള്ള അവസരമില്ലാതാക്കുകയാണെന്നും ഹരജിക്കാരൻ ആരോപിച്ചു.

അന്വേഷണത്തിനിടെ, കടുവകളുടെയും പുള്ളിപ്പുലിയുടെയും മാംസവും തൊലിയും കണ്ടെടുത്തിരുന്നുവെന്ന് സി.ബി.ഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരും പ്രതികളുമുൾപ്പെടെ 38 പേരെ പരിശോധിച്ചു. വേട്ടക്കാർക്ക് വനം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്ന് സൂചിപ്പിക്കുന്നതാണ് കണ്ടെത്തലെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു. സി.ടി.ആറിൽ കടുവകളുടെ മരണവുമായി ബന്ധപ്പെട്ട് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ‌.ടി‌.സി.‌എ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സി.ജെ.ഐ ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നിൽ അതുൽ സതിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഗോവിന്ദ് ജീ ഹാജരായി. ഹരജിയിൽ നവംബർ 17 ന് സുപ്രീംകോടതി വാദം കേൾക്കും.

Show Full Article
TAGS:Jim Corbett National Park Supreme Court 
News Summary - Ignoring own orders, Supreme Court has kept case in limbo since 2018
Next Story