15,000 രൂപ മാസ വരുമാനമുള്ളയാൾക്ക് 33.88 കോടിയുടെയും 8500 രൂപ വരുമാനക്കാരന് 3.87 കോടിയുടെയും ആദായ നികുതി നോട്ടീസ്!
text_fieldsഅലീഗഢ്: കരാർ തൊഴിലാളികൾക്കും ജ്യൂസ് കടക്കാരനും കിട്ടിയത് കോടികളുടെ ആദായ നികുതി നോട്ടീസ്. ഉത്തർപ്രദേശിലെ അലീഗഢിലാണ് സംഭവം. ശമ്പളം കണക്കിലെടുത്താൽ ആദായ നികുതി അടക്കാൻ ബാധ്യതയില്ലാത്തവർക്കാണ് ഭീമമായ തുകയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
15,000 രൂപ മാസ വരുമാനമുള്ളയാൾക്ക് 33.88 കോടി രൂപയുടെയും 8500 രൂപ വരുമാനമുള്ളയാൾക്ക് 3.87 കോടി രൂപയുടെയും നോട്ടീസാണ് ലഭിച്ചത്. മറ്റൊരാൾക്ക് 7.79 കോടി രൂപയുടെ നോട്ടീസും ലഭിച്ചു. ചില ബിസിനസുകാർ ഇവരുടെ ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതാണ് ഇത്തരത്തിൽ നോട്ടീസ് ലഭിക്കാൻ കാരണമായതെന്ന് പറയുന്നു.
എസ്.ബി.ഐയുടെ ഖൈർ ശാഖയിൽ കരാർ ജീവനക്കാരനായ കരൺ കുമാർ എന്നയാൾക്കാണ് 33.88 കോടി രൂപയുടെ നോട്ടീസ് ലഭിച്ചത്. ഡൽഹിയിലെ മഹാവീർ എന്റർപ്രൈസസ് എന്ന സ്ഥാപനം ഇദ്ദേഹത്തിെന്റ പേരിൽ വ്യാജ ആധാർ കാർഡും പാൻ കാർഡും നിർമിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെയും സ്റ്റീൽ ഉൽപന്നങ്ങളുടെയും വ്യാപാരം നടത്തിവരുകയായിരുന്നുവെന്നാണ് അഭിഭാഷകർ ഇയാളെ അറിയിച്ചത്. മാർച്ച് 29നാണ് ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചത്. ആദായ നികുതി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ അറിയിച്ചു. തുടർന്ന് ചന്ദവൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഹരിഭാൻ സിങ് പറഞ്ഞു.
ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ കരാർ തൊഴിലാളിയായ മോഹിത് കുമാറിന് മാർച്ച് 28നാണ് 3.87 കോടി രൂപയുടെ ആദായ നികുതി നോട്ടീസ് ലഭിച്ചത്. എം.കെ ട്രേഡേഴ്സ് എന്ന സ്ഥാപനം ഇയാളുടെ പേരിലുള്ള ആധാർ കാർഡ് ഉപയോഗിച്ച് 2020 മുതൽ ഇടപാടുകൾ നടത്തിവരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2020ൽ ഡൽഹിയിൽ ഒരു ജോലിക്ക് അപേക്ഷ സമർപ്പിച്ചപ്പോൾ തിരിച്ചറിയൽ രേഖകൾ നൽകിയിരുന്നതായി ഇദ്ദേഹം പറയുന്നു. ഇത് ഉപയോഗിച്ചായിരിക്കാം തട്ടിപ്പ് നടന്നതെന്ന് കരുതുന്നു. റഈസ് അഹ്മദ് എന്ന ജ്യൂസ് കടക്കാരന് മാർച്ച് 22നാണ് 7.79 കോടി രൂപയുടെ നോട്ടീസ് ലഭിച്ചത്. ആദായ നികുതി അധികൃതരെ ബന്ധപ്പെട്ടപ്പോൾ നോട്ടീസ് അയച്ചത് ഡൽഹിയിൽനിന്നായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി.
ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തിെന്റ ദുരുപയോഗത്തിന് തെളിവാണ് ഇത്തരം തട്ടിപ്പുകളെന്ന് അലീഗഢിലെ ആദായ നികുതി അഭിഭാഷകൻ പ്രതികരിച്ചു.