ഇസ്രായേലിനെ ചാരി, ഇറാനെ വിടാതെ ഇന്ത്യൻ നയതന്ത്രം
text_fieldsഇസ്രായേലിൽ ‘നെസെറ്റി’നെ അഭിസംബോധന ചെയ്ത് അവർക്കൊപ്പം ഇന്ത്യ അടിയുറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുവന്ന് 48 മണിക്കൂറായിട്ടില്ല. പ്രധാനമന്ത്രിയുടെ ചരിത്ര സന്ദർശനം റിപ്പോർട്ട് ചെയ്യാൻ ന്യൂഡൽഹിയിൽനിന്ന് പോയ മാധ്യമപ്രവർത്തകർ പലരും തെൽ അവിവിൽനിന്ന് തിരിച്ചുവന്നിട്ടുപോലുമില്ല.
അപ്പോഴാണ് ഇസ്രായേൽ ഇന്ത്യയുടെ ഒരു സുഹൃദ് രാഷ്ട്രമായ ഇറാന് മേൽ ആക്രമണം തുടങ്ങിയതും ആത്മീയ നേതാവ് അലി ഖാംനഈയെ കൊലപ്പെടുത്തിയതും അതേതുടർന്ന് പശ്ചിമേഷ്യ സംഘർഷഭൂമിയായതും.
ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് മോദിയുടെ വിദേശനയത്തിന് രാജ്യം വലിയ വില കൊടുക്കുന്നുവെന്ന് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പരസ്യമായി വിമർശിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമുണ്ടായ ഇസ്രായേൽ ബാന്ധവം മുതൽ ഏറ്റവുമൊടുവിലത്തെ സന്ദർശനംവരെ എപ്സ്റ്റീൻ ഫയലുകളുടെ പ്രത്യാഘാതമായി പ്രതിപക്ഷം പ്രചാരണം അഴിച്ചുവിടുന്നതിനിടയിലാണ് പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുന്നത്.
ഇറാനുമായൊരു യുദ്ധത്തിന് കോപ്പുകൂട്ടുന്നതിനിടയിൽ നടത്തിയ ഇസ്രായേൽ സന്ദർശനത്തിന് പ്രതിപക്ഷത്തിന്റെ വിമർശനമേറ്റുവാങ്ങുമ്പോഴും പശ്ചിമേഷ്യൻ നയത്തിൽ തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച സന്ദർശനമായിരുന്നു പ്രധാനമന്ത്രിയുടേതെന്നും അതൊരിക്കലും മാറ്റിവെക്കാനാവുമായിരുന്നില്ലെന്നും തൊട്ടു പിന്നാലെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് വിദേശ മന്ത്രാലയ വൃത്തങ്ങൾ ഈ വിമർശനത്തോട് പ്രതികരിക്കുന്നത്.
മാത്രമല്ല ഇസ്രായേലിനെ ചേർത്തുപിടിക്കുമ്പോഴും ഇറാനെ കൈവിട്ടിട്ടില്ലെന്നും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം അതുപോലെ തുടരുകയാണെന്നും വ്യക്തമാക്കുകയാണ് ഇന്ത്യ.
ഇസ്രായേൽ ഇറാനുമേൽ ആക്രമണം തുടങ്ങിയശേഷം വിദേശമന്ത്രി എസ്. ജയശങ്കർ ഇസ്രായേൽ, ഇറാൻ വിദേശ മന്ത്രിമാരെ വിളിച്ച് സംസാരിച്ചത് ഇസ്രായേലുമായെന്നപോലെ ഇറാനുമായുള്ള തന്ത്രപ്രധാന ഉഭയകക്ഷി ബന്ധത്തിന്റെ ഉദാഹരണമായി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഛാബഹർ തുറമുഖം വികസിപ്പിക്കാനുള്ള ദീർഘകാല കരാർ ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായി ഇന്ത്യ വിശേഷിപ്പിക്കാറുള്ള ഒന്നാണ്.
ഇറാനെതിരായ യു.എസ് ഉപരോധത്തിൽനിന്ന് ഛാബഹർ തുറമുഖം ഒഴിവാക്കി കിട്ടാൻ നയതന്ത്രതലത്തിൽ ഇന്ത്യ പല ശ്രമങ്ങളും നടത്തിയതാണ്. ഇന്ത്യയെ മുഷിപ്പിക്കുന്ന തരത്തിൽ ഇറാൻ ഒന്നും പറയാതിരിക്കുന്നതും ഇതുകൊണ്ടാണ്. ഇസ്രായേലിനോട് ചേർന്നുനിന്ന് കൊണ്ടുതന്നെ ഇറാനെ കൈവിടില്ലെന്ന സന്ദേശം ഇനിയുമെത്രനാൾ നൽകാൻ ഇന്ത്യക്കാകുമെന്നതാണ് പശ്ചിമേഷ്യൻ സംഘർഷം ഉയർത്തുന്ന ചോദ്യം.


