‘തെന്നിന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം കുറക്കുകയായിരുന്നു സർക്കാർ ലക്ഷ്യം’
text_fieldsചെന്നൈ: വനിത സംവരണ ബില്ലിന്റെ മറവിലൂെട മണ്ഡല പുനർനിർണയം കൊണ്ടുവന്ന് തെന്നിന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം കുറക്കലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലക്ഷ്യമിട്ടിരുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ബി.ജെ.പിയുടെ വഞ്ചനാപരമായ നീക്കം ഒറ്റക്കെട്ടായി എതിർത്ത് തോൽപിക്കാൻ കഴിഞ്ഞുവെന്നും ശനിയാഴ്ച തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ പറഞ്ഞു. ‘‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ശ്രമവും മണ്ഡല പുനർനിർണയത്തിന് പിന്നിലുണ്ട്. ഇന്ത്യൻ യൂനിയനിൽ എല്ലാ സംസ്ഥാനങ്ങൾക്കും അവരുടേതായ അവകാശങ്ങളുണ്ട്. മുഴുവൻ സംസ്ഥാനങ്ങളുടെയും ശബ്ദം പാർലമെന്റിൽ മുഴങ്ങണം.
തമിഴ് ഭാഷക്കും പാരമ്പര്യത്തിനും സംസ്കാരത്തിനുമെതിരായ കടന്നാക്രമണമാണ് ബി.ജെ.പി നടത്തുന്നത്. തമിഴ് മണ്ണിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും കാലൂന്നാൻ അനുവദിക്കരുത്. ബി.ജെ.പിയും ആർ.എസ്.എസും അടിസ്ഥാനപരമായി തമിഴ് വിരുദ്ധരാണ്. ഒരുകാലത്ത് ഡി.എം.കെയെ പോലെത്തന്നെ തമിഴകത്തിനുവേണ്ടി നിലകൊണ്ട അണ്ണാ ഡി.എം.കെയെ മോദിയും അമിത് ഷായും ചേർന്ന് ഇല്ലാതാക്കുകയാണ്. -ഗാന്ധി പറഞ്ഞു.


