പാകിസ്താൻ പൗരന്മാർ 72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം; വിസ നടപടികൾ നിർത്തിവെച്ചു; മെഡിക്കല്‍ വിസകളും റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി.
ചികിത്സക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. പുതുതായി ആർക്കും വിസ അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക. വിസക്കായുള്ള എല്ലാ അപേക്ഷകളും നിരസിക്കും.
വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്താന്‍ പൗരന്മാരും രാജ്യം വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും പാകിസ്താനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയും ഒഴിവാക്കാനും നിർദേശം നൽകി. ഇന്ത്യയിലുള്ള പാകിസ്താനികൾ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണം.
ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.
പിന്നാലെ ബദൽ നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും രംഗത്തുവന്നു. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും തീരുമാനിച്ചു. ഷിംല കരാറും മരവിപ്പിക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.