50 ‘അംഗരക്ഷക ഉപഗ്രഹങ്ങൾ’ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ
text_fieldsപ്രതീകാത്മക ചിത്രം
ബഹിരാകാശത്തുള്ള തങ്ങളുടെ ഉപഗ്രഹങ്ങളെ ബാഹ്യ ഭീഷണികളിൽനിന്ന് സംരക്ഷിക്കാനുള്ള പുതിയ പദ്ധതിക്കൊരുങ്ങുകയാണ് ഇന്ത്യ. ശത്രു ഉപഗ്രഹങ്ങളിൽ നിന്നുള്ള ആക്രമണ സാധ്യത തടയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അടുത്തിടെ ഒരു വിദേശ ഉപഗ്രഹം ഒരു ഇന്ത്യൻ ഉപഗ്രഹത്തിന് വളരെ അടുത്തെത്തിയതിനാലാണ് ഈ നീക്കം വേഗത്തിലാക്കുന്നത്.
ഇന്ത്യൻ ഉപഗ്രഹങ്ങളുടെ സമീപം സ്ഥിതിചെയ്ത് മറ്റു ഉപഗ്രഹ ഭീഷണികളിൽനിന്ന് സംരക്ഷിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താനും കഴിയുന്ന‘അംഗരക്ഷക’ (ബോഡിഗാർഡ്) ഉപഗ്രഹങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2024ൽ, നമ്മുടെ അയൽരാജ്യത്തിന്റെ ഉപഗ്രഹം നമ്മുടെ ഉപഗ്രഹത്തിന് ഒരു കിലോമീറ്റർ മാത്രം അകലെ കൂടി കടന്നുപോയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (isro) സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മേഖലയിലും ഭൗമ നിരീക്ഷണത്തിനും, മാപ്പിങ്ങുകൾക്കുമുള്ളതാണ് ആ ഉപഗ്രഹം. ഉപഗ്രഹങ്ങൾ കൂട്ടിയിടിച്ചില്ല, പക്ഷേ ഇത് യാദൃശ്ചികമല്ല, മറിച്ച് ബഹിരാകാശത്തെ ശക്തിപ്രകടനമാണെന്ന് വിദഗ്ധർ വിലയിരുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ISRO യും ബഹിരാകാശ വകുപ്പും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉപഗ്രഹ സുരക്ഷാപദ്ധതി പ്രകാരം, ബഹിരാകാശ സുരക്ഷ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏകദേശം 27,000 കോടി (ഏകദേശം 27 ബില്യൺ ഡോളർ) ചെലവിൽ അമ്പത് നിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ആദ്യ ഉപഗ്രഹം അടുത്ത വർഷം വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അയൽക്കാരായ ചൈനയുമായും പാകിസ്താനുമായും ഇന്ത്യക്ക് ദീർഘകാല അതിർത്തി തർക്കങ്ങളുണ്ട്, ഈ രാജ്യങ്ങൾക്ക് വ്യത്യസ്ത തലത്തിലുള്ള ബഹിരാകാശ ശേഷികളുമുണ്ട്. പാകിസ്താന് എട്ട് ഉപഗ്രഹങ്ങൾ മാത്രമെയുള്ളൂ, അതേസമയം ഇന്ത്യക്ക് നൂറിലധികം ഉപഗ്രഹങ്ങളുണ്ട്. 930-ലധികം ഉപഗ്രഹങ്ങളുമായി ചൈന മുന്നിലാണ്.
ചൈനയുടെ പീപ്ൾസ് ലിബറേഷൻ ആർമി (പിഎൽഎ) ബഹിരാകാശത്ത് തങ്ങളുടെ സാന്നിധ്യം അപകടകരമായി വികസിപ്പിക്കുകയാണ്. ജൂണിൽ നടന്ന ഒരു സെമിനാറിൽ, എയർ മാർഷൽ അശുതോഷ് ദീക്ഷിത് ചൈനയുടെ ബഹിരാകാശ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രസ്താവിച്ചു.സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ സമയബന്ധിതമായി ഏത് ഭീഷണിയെയും വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന ലൈറ്റ് ഡിറ്റക്ഷൻ എൻഡ് റേഞ്ചിങ് സാങ്കേതികവിദ്യയുള്ള ഉപഗ്രഹങ്ങളാണ് അയക്കാനുദ്ദേശിക്കുന്നത്.
ഭൂമിയിൽനിന്ന് കൈകാര്യംചെയ്യാൻ കഴിയുന്ന സാങ്കേതിക വിദഗ്ധർക്ക് ആ ഉപഗ്രഹത്തെ സമയബന്ധിതമായി മറ്റൊരു ദിശയിലേക്ക് മാറ്റാനും കഴിയും.ഇതിന് ഭൂതല റഡാറുകളുടെയും ദൂരദർശിനികളുടെയും ശൃംഖല ആവശ്യമായി വരുമെന്ന് മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ സുധീർ കുമാർ പറഞ്ഞു. 24 മണിക്കൂറും ബഹിരാകാശ നിരീക്ഷണം നടത്താനുള്ള സാങ്കേതികവിദ്യ നിലവിൽ ഇന്ത്യക്ക് ഇല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു.
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഐ.എസ്.ആർ.ഒ ഒരു പ്രധാന പങ്ക് വഹിച്ചു. ഭൂമി നിരീക്ഷണ, ആശയവിനിമയ ഉപഗ്രഹങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ 400-ലധികം ശാസ്ത്രജ്ഞർ രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പ്രസ്താവിച്ചു.