Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഹരിക്കടത്ത്...

ലഹരിക്കടത്ത് വിസമ്മതിച്ചതിന് യുവതിക്ക് ക്രൂരമായ പീഡനം; ഇന്ത്യൻ വംശജന് ലണ്ടനിൽ 34 വർഷം തടവ്

text_fields
bookmark_border
ലഹരിക്കടത്ത് വിസമ്മതിച്ചതിന് യുവതിക്ക് ക്രൂരമായ പീഡനം; ഇന്ത്യൻ വംശജന് ലണ്ടനിൽ 34 വർഷം തടവ്
cancel

ലണ്ടൻ: ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ലഹരിമരുന്ന് കടത്താൻ വിസമ്മതിച്ചതിന് പ്രതികാരം തീർക്കുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജന് 34 വർഷം തടവുശിക്ഷ വിധിച്ച് യു.കെ കോടതി.

34കാരനായ ഗഗൻദീപ് സിങിനെയാണ് ഐസിൽവർത്ത് ക്രൗൺ കോടതി ശിക്ഷിച്ചത്. 28 വർഷത്തെ ജയിൽ ശിക്ഷക്കും അതിനുശേഷമുള്ള ആറു വർഷത്തെ കർശന നിയന്ത്രണങ്ങളോടെയുള്ള നിരീക്ഷണ കാലാവധിക്കും ഇയാൾ വിധേയനാകണം. കുറഞ്ഞത് 18 വർഷമെങ്കിലും ജയിൽശിക്ഷ പൂർത്തിയാക്കാതെ ഇയാൾക്ക് പരോൾ ലഭിക്കില്ല.

രണ്ട് ബലാത്സംഗക്കേസുകൾ, തടഞ്ഞുവെക്കൽ, മനഃപൂർവം മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ഫെബ്രുവരിയിൽ നടന്ന വിചാരണയിൽ തെളിഞ്ഞിരുന്നു.

2024 ജൂണിൽ തായ്‌ലൻഡിൽനിന്ന് യു.കെയിലേക്ക് ചില സാധനങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് എത്തിക്കാൻ 24കാരിയായ ഇരയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയ യുവതി വിസമ്മതിച്ചു. തുടർന്ന് ബർമിംഗ്ഹാം വിമാനത്താവളത്തിൽ എത്തിയ യുവതിയെ മുഖംമൂടി ധരിച്ചെത്തിയ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി പടിഞ്ഞാറൻ ലണ്ടനിലെ ഹാൻവെല്ലിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു.

ഒരു ദിവസത്തിലധികം നീണ്ട അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. മുഖത്ത് ഇടിക്കുക, മർദ്ദിക്കുക, വസ്ത്രങ്ങൾ ഉരിഞ്ഞ് ചാട്ടവാറുകൊണ്ട് അടിക്കുക, പൊള്ളിക്കുക, രണ്ട് തവണ ബലാത്സംഗം ചെയ്യുക തുടങ്ങിയ ക്രൂരതകൾക്ക് ശേഷം ഭീഷണിപ്പെടുത്തിയാണ് ഇവർ യുവതിയെ വിട്ടയച്ചത്.

അക്രമികൾ അപായപ്പെടുത്തുമെന്ന് ഭയന്ന യുവതി ആദ്യം പൊലീസിൽ അറിയിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ മകളെ ധൈര്യം പകർന്ന് ഒപ്പം നിർത്തിയ അമ്മ, പൊലീസിൽ വിവരമറിയിക്കാൻ തീരുമാനിക്കുകയായിരുന്നു.

മകളുടെ വസ്ത്രങ്ങൾ തെളിവായി സൂക്ഷിച്ചുവെക്കുകയും ഡോക്ടറുടെ കുറിപ്പുകൾ ശേഖരിക്കുകയും ചെയ്ത അമ്മ, പൊലീസിൽ മൂന്നാംകക്ഷിയായി പരാതിനൽകി. ഫോറൻസിക് പരിശോധനയിൽ വസ്ത്രങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളാണ് പ്രതിയായ ഗഗൻദീപ് സിങിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

Show Full Article
TAGS:London CrimeNews kidnapping Drug 
News Summary - Indian-Origin Man Jailed 34 Years in London for Kidnapping and Torturing Woman Over Drug Refusal
Next Story