415,000 സ്ക്വയർ ഫീറ്റ്, 300 വാഹനങ്ങൾക്ക് ഒരേ സമയം പാർക്കിങ്; രാജ്യത്തെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
text_fieldsഇന്ത്യയുടെ ഏറ്റവും വലിയ ഇന്‍റർനാഷണൽ ക്രൂയിസ് ടെർമിനൽ നാളെ പ്രധാനമന്ത്രി മുംബൈയിൽ ഉദ്ഘാടനം ചെയ്യും. ക്രൂയിസ് ഭാരത് മിഷന് കീഴിൽ വികസിപ്പിച്ച ടെർമിനൽ മുംബൈയെ പ്രീമിയർ ക്രൂയിസ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.
പ്രതിവർഷം 10 ലക്ഷം ആളുകളെ വഹിക്കാൻ ശേഷിയുള്ള തരത്തിൽ 415,000 സ്ക്വയർ ഫീറ്റിലാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. ഒരേ സമയം 5 ക്രൂയിസ് ഷിപ്പുകൾ നിർത്തിയിടാൻ കഴിയും. 72 ചെക്ക് -ഇൻ ഇമിഗ്രേഷൻ കൗണ്ടറുകൾ എന്നിവയും ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 300 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യനമുള്ള വിശാലമായ പാർക്കിങ് ഏരിയ ടെർമിനലിലുണ്ട്.
ദിവസവും 10000 മുതൽ 15000 വരെ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയും. സീ വ്യൂ കഫേകൾ, റീടെയ്ൽ സ്റ്റോറുകൾ, ഡൈനിങ് സോണുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും ടെർമിനലിലുണ്ട്.
ഓഷ്യൻ ഹാർബർ ക്രൂയിസ്, റിവർ ആൻഡ് ഇൻലാൻഡ് ക്രൂയിസ്, ഐലന്‍റ് ആൻഡ് ലൈറ്റ് ഹൗസ് ക്രൂയിസ് എന്നിവയാണ് ടെർമിനലിന്‍റെ നെടുംതൂൺ. 556 കോടിയാണ് ഇന്‍റർനാഷണൽ ക്രൂയിസ് ടെർമിനലിലെ നിക്ഷേപം.
ഇന്ത്യയെ ആഗോള ക്രൂയിസ് ഹബ്ബാക്കിമാറ്റാനുള്ള നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്‍റെ ഭാഗമാണ് ടെർമിനലെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.