Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇന്ത്യയിലെ ന്യൂസ്...

‘ഇന്ത്യയിലെ ന്യൂസ് ചാനലുകൾ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവ’; നിശിത വിമർശനവുമായി മുൻ ഹിന്ദു എഡിറ്റർ എൻ. റാം

text_fields
bookmark_border
Karan Thapar Interviews N. Ram
cancel
camera_alt

കരൺ ഥാപ്പറും എൻ.റാമും അഭിമുഖത്തിനിടെ

ന്ത്യയിലെ വാർത്താ ടെലിവിഷൻ ചാനലുകൾ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയിലെന്ന് മുൻ ഹിന്ദു എഡിറ്റർ എൻ. റാം. ‘ദ വയർ’ പോർട്ടലിൽ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് റാം നിശിത വിമർശനമുയർത്തിയത്. ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കവറേജിനെ ആസ്പദമാക്കിയായിരുന്നു റാമിന്റെ അഭിപ്രായപ്രകടനം.

‘ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ടെലിവിഷൻ സംപ്രേഷണം വളരെ മോശമായിരുന്നു. ഹിന്ദി ടെലിവിഷൻ മേഖലയായാലും പ്രമുഖ ദേശീയ ടെലിവിഷൻ ചാനലുകളായാലും ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു അത്. മിക്കവാറും എല്ലാ കാര്യങ്ങളിലും അവ വളരെ മോശമായിരുന്നു’ -റാം തുറന്നടിച്ചു.

പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്ന ദേശീയ ടെലിവിഷൻ വാർത്താ ചാനലുകളുടെ രീതിയെ റാം നിശിതമായി വിമർശിച്ചു. ബീഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ കവറേജിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ആ സമയത്ത് ചാനൽ ഒരു വാർത്താ ബുള്ളറ്റിനിന്റെ മധ്യത്തിലായിരുന്നിരിക്കാം. മന്ത്രിമാർ പറഞ്ഞ കാര്യങ്ങൾ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കാതെയാണ് അവരുടെ പ്രസംഗം മുഴുനീളത്തിൽ തത്സമയം കൊടുക്കുന്നത്. ഇത് പാദ​സേവയല്ലാതെ മറ്റെന്താണ്?’ -റാം ചോദിക്കുന്നു. ടെലിവിഷൻ വാർത്താ ചാനലുകളും സർക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയും അദ്ദേഹം 24 മിനിറ്റ് നീണ്ട അഭിമുഖത്തിൽ തുറന്നുകാട്ടി. ചാനലുകൾ ഹിന്ദുത്വയുടെ ഉപകരണമാവുന്നതിനെക്കുറിച്ചും റാം സംസാരിച്ചു. ‘ആ അവിശുദ്ധ ബന്ധം മുമ്പത്തേക്കാളെല്ലാം ശക്തമാണിപ്പോൾ. ഈ കാണുന്ന പാദസേവയും സ്തുതിപാഠനവുമാണ് അതിന്റെ അനിവാര്യമായ ഫലം’ -അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരും അതിക്രമിച്ച് കടക്കുന്നവരും രാജ്യത്ത് പ്രവേശിച്ച് വോട്ടർമാരായി മാറുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പരാമർശിക്കുമ്പോഴെല്ലാം, അത് മുസ്‍ലിംകൾക്കെതിരായ വർഗീയ പരാമർശമായി മാറുന്നുവെന്ന് വ്യക്തമായിട്ടും ഇന്ത്യൻ മാധ്യമങ്ങൾ അവരെ വിമർശിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നതും റാം ചൂണ്ടിക്കാട്ടി. ഇത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യം ഉയർത്തിക്കാട്ടുന്നതിലും തുറന്നുകാട്ടുന്നതിലും അപലപിക്കുന്നതിലും പരാജയപ്പെടുന്നത് ഇന്ത്യൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഹീനമായ പരാജയമാണെന്നും റാം പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു അഭിമുഖം പോലും നൽകാതിരുന്ന നിതീഷ് കുമാർ, നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരെ റാം വിമർശിച്ചു. മാധ്യമങ്ങൾ അതിനെ അനുസരണയോടെ സ്വീകരിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. അതുപോലെ, കാമ്പുള്ള രാഷ്ട്രീയ സംവാദങ്ങളിൽ പങ്കാളികളാകാൻ മുതിർന്ന പാർട്ടി നേതാക്കൾക്കുമേൽ സമ്മർദം ചെലുത്തുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടു. മഹാസഖ്യവും എൻ‌.ഡി‌.എയും നൽകിയ, പണം നൽകാമെന്നുള്ള നിരവധി വാഗ്ദാനങ്ങളുടെ സാമ്പത്തിക സാധ്യത വിശകലനം ചെയ്യുന്നതിലും വിലയിരുത്തുന്നതിലും മാധ്യമങ്ങൾ പരാജയമായി മാറി. മാധ്യമങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുമായിരുന്ന ഒരു ജോലിയായിരുന്നു അത്. പക്ഷേ ചെയ്തില്ല.

റിപ്പോർട്ടിങ്ങിന്റെ കാര്യത്തിൽ ഏകപക്ഷീയമാണെങ്കിലും മൊത്തത്തിൽ, പ്രചാരണത്തിന്റെ കവറേജ് ആവേശകരമായിരുന്നുവെന്ന് റാം പറഞ്ഞു. പക്ഷേ, ലക്ഷ്യബോധമുള്ള വിവരശേഖരണവും ആഴത്തിലുള്ള വിശകലനവും ഇല്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
TAGS:TV news channels N. Ram Karan Thapar Bihar Election 2025 interview 
News Summary - India's News Channels "Must Be Amongst the Worst in the World": Former Hindu Editor, N. Ram
Next Story