കാമ്പുള്ള അഭിനയംകൊണ്ട് ഹൃദയം തൊടുന്ന ഇന്ദ്രൻസ്
text_fieldsതിരുവനന്തപുരം: കാമ്പുള്ള അഭിനയംകൊണ്ട് ഹൃദയംതൊടുന്ന ഇന്ദ്രൻസിനുള്ള അർഹിച്ച അംഗീകാരമാണ് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ പ്രത്യേക പരാമർശം. അടുത്തിടെ ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും അമ്പരപ്പിക്കുന്ന അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്. തിളങ്ങാൻ കിട്ടിയ അവസരങ്ങളൊക്കെയും സ്വപ്നതുല്യമായ അഭിനയംകൊണ്ട് അതുല്യമാക്കി. അതിനുള്ള അംഗീകാരം കൂടിയാണ് പ്രത്യേക ജൂറി പരാമർശം.
മുമ്പ് സിനിമയിൽ വസ്ത്രാലങ്കാരമായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാർഗം. പിന്നീട്, കഥാപാത്രങ്ങളെ സ്വയം എടുത്തണിയുകായിരുന്നു. തുടക്കകാലത്ത് ശരീരവും ശബ്ദവുമടക്കം ബോഡി ഷെയ്മിങ്ങിന് വിധേയമായി. ‘അവാർഡ് ലഭിക്കുമ്പോൾ സന്തോഷമാണ്, കിട്ടാത്തപ്പോൾ സങ്കടവും, മനുഷ്യനല്ലേ?’ എന്ന് അദ്ദേഹം പറയുമ്പോൾ മനസ്സിന്റെ തെളിച്ചം കാണാം.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് ‘ഹോം’ സിനിമയെ ഒഴിവാക്കിയതിൽ അദ്ദേഹം പരിഭവിച്ചിരുന്നു. സിനിമ ജൂറി കണ്ടുകാണില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന അവാർഡ് കിട്ടാത്തതിൽ സങ്കടമില്ലെന്നും ദേശീയ പുരസ്കാര വേളയിൽ പ്രത്യേക ജൂറി പരാമർശം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ഇന്ദ്രൻസിന്റെ ഭാര്യ ശാന്തകുമാരി പറഞ്ഞു.
തിരുവനന്തപുരം കുമാരപുരത്ത് പാലവില കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴുമക്കളിൽ രണ്ടാമനായി ജനിച്ച കെ. സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് പഠനത്തിനുശേഷം അമ്മാവനൊപ്പം തയ്യൽ ജോലി ആരംഭിച്ചു. ഇതിനിടയിൽ അമച്വർ നാടകങ്ങളിൽ സഹകരിച്ചു. ദൂരദർശനിലെ ‘കളിവീട്’ സീരിയലിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദ്രൻസ് എന്നത് അദ്ദേഹത്തിന്റെ തയ്യൽകടയുടെ പേരായിരുന്നു.
2015ൽ അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരം, 2018ൽ ആളൊരുക്കം എന്ന ചിത്രത്തിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം, 2019ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.