240 ട്രെയിനി ജീവനക്കാരെ പുറത്താക്കി ഇൻഫോസിസ്
text_fieldsബംഗളുരൂ: കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്. 240 ട്രെയിനികളെയാണ് പുറത്താക്കിയിരിക്കുന്നത്. ആഭ്യന്തര പരീക്ഷകളിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. വെള്ളിയാഴ്ചയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള മെയിൽ ലഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നടത്തിയതിന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.അതിനാൽ ഇത്തവണ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഒരുമാസത്തെ ശമ്പളവും താമസവും ട്രാവൽ അലവൻസും ജീവനക്കാർക്ക് നൽകും. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇൻഫോസിസ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ ഇൻഫോസിസ് നാനൂറിലധികം ട്രെയിനികളെ പിരിച്ചുവിട്ടിരുന്നു. ജോലിക്ക് കയറി മൂന്നുമാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും അതിൽ പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നുമാണ് ഇൻഫോസിസിന്റെ ന്യായീകരണം. മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും ഇൻഫോസിസ് അധികൃതർ സൂചിപ്പിച്ചു. ജീവനക്കാരുടെ നിലവാരം അളക്കുന്നതാണ് ഇത്തരം പരീക്ഷകൾ. സിസ്റ്റം എൻജിനീയേഴ്സ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനീയേഴ്സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു.