Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എസ്.എൽ.വി സി-62...

പി.എസ്.എൽ.വി സി-62 പരാജയം: നഷ്ടമായ 16 ഉപഗ്രഹങ്ങൾക്ക് ഇനിയെന്ത് സംഭവിക്കും..?

text_fields
bookmark_border
പി.എസ്.എൽ.വി സി-62 പരാജയം: നഷ്ടമായ 16 ഉപഗ്രഹങ്ങൾക്ക് ഇനിയെന്ത് സംഭവിക്കും..?
cancel

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ വിശ്വസ്ത സാരഥിയായ പി.എസ്.എൽ.വിയുടെ സി-62 പരാജയം തിരിച്ചടിയാകുന്നത് ഐ.എസ്.ആർ.ഒയുടെ വിജയകരമായ ദൗത്യങ്ങൾക്ക്. 94 ശതമാനം എന്ന വിജയ ശരാശരിയുള്ള വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി തുടർച്ചയായി രണ്ടാം തവണയാണ് ലക്ഷ്യത്തിലെത്താനാവാതെ പരാജയപ്പെടുന്നത്. 2025 മേയിൽ പി.എസ്.എൽ.വി സി 61 വിക്ഷേപണം പരാജയപ്പെട്ട അതേ മാതൃകയിൽ തന്നെയായിരുന്നു തിങ്കളാഴ്ചത്തെ ദൗത്യവും പാതിവഴിയിൽ പൊലിഞ്ഞത്. ആദ്യ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട്, തിരുത്തലുകളുമായി വീണ്ടും നടത്തിയ പരീക്ഷണം പരാജയപ്പെടുന്നത് വിദേശ ഉപഗ്രഹങ്ങൾ ഉൾപ്പെടെ ഭ്രമണ പഥത്തിൽ എത്തിക്കുകയെന്ന ഐ.എസ്.ആർ.ഒയുടെ ദൗത്യങ്ങൾക്ക് തിരിച്ചടിയാകും.

ഇന്ത്യയിലെയും ആറ് വിദേശ രാജ്യങ്ങളിലേതുമായ 16 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എൽ.വി സി 62 ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്​പേസ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്നും തിങ്കളാഴ്ച രാവിലെ 10.18ന് കുതിച്ചുയർന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും വിജയകരമായി തന്നെ മുന്നേറി, ഭൗമാന്തരീക്ഷം പിന്നിട്ട് കുതിക്കവെയായിരുന്നു ​ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ റൂമിൽ നിരാശപടർത്തി ദൗത്യം വഴിതെറ്റി തുടങ്ങിയത്. വിക്ഷേപണം കഴിഞ്ഞ് നാലാം മിനിറ്റിൽ നിർണായകമായ മൂന്നാം ഘട്ടത്തിൽ ഖര ഇന്ധനം ഉപയോഗിച്ച് വാഹനം കുതിച്ചു തുടങ്ങിയതിനു പിന്നാലെയാണ് കര്യങ്ങൾ കൈവിട്ടത്. രണ്ടര മിനിറ്റിനുള്ളിൽ റോക്കറ്റ് ഗതിതെറ്റി തുടങ്ങി. അധികം വൈകാതെ തന്നെ ദൗത്യം പരാജയപ്പെട്ടുവെന്നും വ്യക്തമായി. നാല് സ്റ്റുഡന്റ്സ് സാറ്റലൈറ്റുകളും, മൂന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പേ ലോഡുകളും ഉൾപ്പെടെ 16 ഉപഗ്രഹങ്ങളായിരുന്നു ദൗത്യത്തിൽ അടങ്ങിയത്.

ലക്ഷ്യത്തിലെത്തും മുമ്പ് ദൗത്യം പിഴച്ചതോടെ പി.എസ്.എൽ.വിയിലുണ്ടായിരുന്ന ഉപഗ്രഹങ്ങൾ നഷ്ടമാവും. ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കാത്തതിനാൽ, ഭൂമിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെ ഇവ കത്തിതീരും.

​നഷ്ടമായത് പ്രതിരോധ നിരീക്ഷണ ഉപഗ്രഹവും

ദൗത്യം പരാജയമായതോടെ സി 62നൊപ്പം കുതിച്ചുയർന്ന ഉപഗ്രഹങ്ങളും നഷ്ടമായി. ഇന്ത്യൻ ശാസ്ത്ര ലോകവും പ്രതിരോധ വിഭാഗവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡി.ആർ.ഡി.ഒയുടെ അന്വേഷ (ഇ.ഒ.എസ് എൻ 1) ഉപഗ്രഹമായിരുന്നു ദൗത്യത്തിലെ പ്രധാനി. രാജ്യത്തിന്റെ പ്രതിരോധ നിരീക്ഷണങ്ങൾക്ക് നിർണായകമായതാണ് അന്വേഷ. 505 കിലോമീറ്റർ ഉയരത്തിൽ, ഭൂമിയോട് അടുത്തായി വിക്ഷേപിച്ച് അതിർത്തിയിലെയും മറ്റും കൃത്യമായ വിവരങ്ങൾ ഹൈപ്പർ സ്​പെക്ട്രൽ ഇമേജിങ്ങിലൂടെ ശേഖരിക്കുകയായിരുന്നു അന്വേഷയുടെ ദൗത്യം. രാജ്യത്തിന്റെ കര, കടൽ അതിർത്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു പ്രധാന ചുമതല. പ്രതിരോധ വിഭാഗങ്ങൾക്ക് മരുഭൂമിയിലും അതിർത്തി പ്രദേശത്തും ദിശ കാണിക്കാനും ഇത് ഉപകരിക്കും.

മറ്റു സഹ ഉപഗ്രഹങ്ങൾ

MOI-1

ഇന്ത്യയുടെ ആദ്യ ബഹിരാകാശ എ.ഐ ലാബ്. ടേക്മി ടു സ്​പേസ് ആണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എ.ഐ അധിഷ്ടിത സേവനം നൽകുന്ന ഉപഗ്രഹം വികസിപ്പിച്ചത്.

Aayul SAT : ഒർബിറ്റ് എയ്റോ സ്​പേസ് നിർമിച്ച ആയുൽ സാറ്റ് ബഹിരാകാശത്തുവെച്ച് ഉ​പഗ്രഹങ്ങളിൽ ഇന്ധനം നിറക്കുന്ന സാ​ങ്കേതിക വിദ്യ പരീക്ഷിച്ച ഇന്ത്യയിലെ ആദ്യ ദൗത്യമായിരുന്നു ഇത്. പവർ, ഡാറ്റ ട്രാൻസ്ഫർ ദൗത്യം.

SanskarsatW: അഹമ്മദാബാദിലെ ലക്ഷ്മൺ ജ്ഞാൻപീഠ് സ്കൂൾ വികസിപ്പിച്ച ഉപഗ്രഹം. ആകാശത്ത് കൃത്രിമ നക്ഷത്രം എന്ന ലക്ഷ്യവുമായാണ് സാൻസ്കർസാറ്റ് വികസിപ്പിച്ചത്.

​THYBOLT 3: അമച്വർ റേഡിയോ ശ്രൃംഖല വഴി ദുരന്ത സമയങ്ങളിൽ ആശയ വിനിമയം സാധ്യമാക്കുന്ന ഉപഗ്രഹം. ധ്രുവ സ്​പേസ് നിർമാണം.

CGUSAT1- ധ്രുവ് സ്​പേസും, ഭുവനേശ്വറിലെ സി.വി രാമൻ ഗ്ലോബൽ യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം. ദുരന്ത നിവാരണ മേഖലയിലെ ദൗത്യം ലക്ഷ്യം.

LACHIT 1

ധ്രുവ് സ്​പേസും ​അസമിലെ ഡോൺ ബോസ്കോ യൂണിവേഴ്സിറ്റിയും സംയുക്തമായ വികസിപ്പിച്ചത്. വടക്കു കിഴക്കൻ ഇന്ത്യയിലെ ആദ്യ ബഹിരാകാശ ഉപഗ്രഹ ദൗത്യം.

DSAT1

ധ്രുവ് സ്​പേസും, ബംഗളൂരുവിലെ ദയാനന്ദ സാഗർ യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചത്.

ഇതിനു പുറമെ, സ്പാനിഷ് സ്റ്റാർട്ട് അപ്പിന്റെ ഭാഗമായി ഭൗമോപരിതലത്തിൽ നിന്നും തിരികെയെത്തുന്ന റി ​എൻട്രി വെഹിക്കിളായ എസ്‍ട്രൽ കിഡ് (കിഡ് കാപ്സ്യൂൾ), ബ്രസീലിന്റെ എജു സാറ്റ്, ഓർബിറ്റൽ ടെംപ്ൾ, ഗാലക്സി എക്സ്​പേളാറർ, അൽഡെബറാൻ, വായ്സാറ്റ്, നേപ്പാളിന്റെ മുണാൾ, തായ്‍ലൻഡ്-ബ്രിട്ടൻ സംയുക്ത നിർമിതിയായ തിയോസ് 2, എന്നീ ചെറു ഉപഗ്രഹങ്ങളും വഹിച്ചായിരുന്നു പി.എസ്.എൽ.വി സി 62 കുതിച്ചത്.

Show Full Article
TAGS:isro PSLV ISRO Satellite Indian Space Research Organisation dr v narayanan latest news 
News Summary - ISRO faces second consecutive setback with PSLV-C62 mission
Next Story