മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്ടമായി; പി.എസ്.എൽ.വി -സി 62 ദൗത്യം പരാജയം
text_fieldsപി.എസ്.എൽ.വി വിക്ഷേപണം
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസി (ഐ.എസ്.ആർ.ഒ)യുടെ പുതുവർഷത്തിലെ ആദ്യ പരീക്ഷണം പരാജയം. തിങ്കളാഴ്ച രാവിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നും കുതിച്ചുയർന്ന പി.എസ്.എൽ.വി സി 62 ദൗത്യം വിക്ഷേപണ പാതയിൽ നിന്നും വ്യതിചലിച്ച് നിയന്ത്രണം നഷ്ടമായി. ഭൂമിയിൽ നിന്നും വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് മൂന്നാം ഘട്ടത്തിനിടയിലാണ് വിക്ഷേപണ പാതയിൽ നിന്നും വ്യതിചലിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽവി ദൗത്യം പരാജയപ്പെടുന്നത്.
നാലു ഘട്ടങ്ങളടങ്ങിയ പി.എസ്.എൽ.വി സി.62 ദൗത്യം മൂന്നാം ഘട്ടം പൂർത്തിയാക്കുന്നതിനിടെ നിയന്ത്രം നഷ്ടമായതായി ഐ.എസ്.ആർ.ഒ മേധാവി വി. നാരായണൻ അറിയിച്ചു. നാലു ഘട്ടങ്ങളായുള്ള ഉപഗ്രഹ വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ സോളിഡ് സ്റ്റേജും, അവസാന രണ്ടു ഘട്ടങ്ങൾ ലിക്വിഡ് സ്റ്റേജുമാണ്.
മൂന്നാം ഘട്ടത്തിന്റെ തുടക്കത്തിൽ റോക്കറ്റിന് പ്രതീക്ഷ വേഗത തന്നെയായിരുന്നു. എന്നാൽ അവസാനത്തോട് അടുക്കുമ്പോൾ കൂടുതൽ അസ്വാഭാവികത പ്രകടമായി. തുടർന്ന്, വിക്ഷേപണ പാത തെറ്റിയതായും ഐ.എസ്.ആർ.ഒ മേധാവി വിശദീകരിച്ചു. വിക്ഷേപണത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് വിക്ഷേപണം നടക്കുന്നത്.
തായ്‍ലൻഡും ബ്രിട്ടനും ചേർന്ന് നിർമിച്ച ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹവും ആഭ്യന്തര-വിദേശ ഉപഭോക്താക്കളുടെ 14 ഉപ ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലുള്ളത്. വിക്ഷേപണം കഴിഞ്ഞ് 17 മിനിറ്റിനുള്ളിൽ പ്രധാന ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
260 ടൺ ഭാരമുള്ള റോക്കറ്റ് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ഞായറാഴ്ച തന്നെ ആരംഭിച്ചിരുന്നു.
2025 മേയ് 18നായിരുന്നു പി.എസ്.എൽ.വി-സി 61 വിക്ഷേപിച്ചത്. ഇന്നത്തേത് പോലെ തന്നെ മൂന്നാം ഘട്ടത്തിൽ ദൗത്യം പരാജയമായി മാറി.
സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്. ഇ.ഒ.എസ് 09 ഭൗമ നിരീക്ഷണ ഉപഗ്രഹവും വഹിച്ചുള്ള യാത്രയായിരുന്നു അന്ന് പരാജയപ്പെട്ടത്.
ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ 64ാമത് ദൗത്യമായിരുന്നു ഇത്. ഭൗമോപരിതലം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപന ചെയ്ത ഇ.ഒ.എസ്.എൻ വൺ അന്വേഷയാണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. സ്പാനിഷ് സ്റ്റാർട്ട് അപ്പിന്റെ ഭാഗമായി ഭൗമോപരിതലത്തിൽ നിന്നും തിരികെയെത്തുന്ന റി എൻട്രി വെഹിക്കിളായ എസ്‍ട്രൽ കിഡ് ആയിരുന്നു മറ്റൊരു സഹ ഉപഗ്രഹം.
റോക്കറ്റിൽ നിന്നും സോളിഡ് ബൂസ്റ്റർ ഘട്ടം പൂർത്തിയാക്കി വേർപിരിഞ്ഞുവെങ്കിലും മൂന്നാം ഘട്ടത്തിൽ ലിഫ്റ്റ് ഓഫിന് ശേഷം എട്ട് മിനിറ്റിനുള്ളിൽ നിയന്ത്രണം നഷ്ടമായി. എട്ടുമാസത്തിനുള്ളിൽ നേരിടുന്ന രണ്ടാമത്തെ പരാജയം, പി.എസ്.എൽ.വിയുടെ 94 ശതമാനം കൃത്യതയെന്ന റെക്കോഡിന് തിരിച്ചടിയാവും.


