ഇസ്‍ലാമിലെ നമസ്കാരത്തിന് സമാനമായ യോഗ പഠിപ്പിച്ചെന്ന്; അധ്യാപകനെതിരെ നടപടി ആവശ്യവുമായി ഹിന്ദു ജാഗരൺ മഞ്ച്, സർവീസിൽ നിന്ന് പുറത്താക്കി
text_fieldsഭോപാൽ: സ്കൂളിൽ നമസ്കാരം പഠിപ്പിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിൽ സർക്കാർ സ്കൂൾ അധ്യാപകനെ സർവീസിൽ നിന്ന് പുറത്താക്കി. മധ്യപ്രദേശിലെ ബുറൻപൂർ ജില്ലയിലാണ് സംഭവം. ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിയോഹാരി ഗ്രാമത്തിലെ ഗവൺമെന്റ് മിഡിൽ സ്കൂൾ അധ്യാപകനായ ജബൂർ തദ്‌വിയെയാണ് ഹിന്ദു ജാഗരൺ മഞ്ച് അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് വെള്ളിയാഴ്ച പുറത്താക്കിയത്.
സംഭവം വിവാദമായതിന് പിന്നാലെ, ജില്ല ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. സൂര്യ നമസ്കാരത്തിന്റെ മറവിൽ അധ്യാപകൻ കുട്ടികളെ ഇസ്‍ലാമിക നമസ്കാരം പഠിപ്പിച്ചുവെന്നായിരുന്നു തീവ്ര ഹിന്ദുത്വ സംഘടനയുടെ ആരോപണം.
ദീപാവലി അവധിക്കാലത്ത്, യോഗയുടെ പേരിൽ വിദ്യാർത്ഥികളെ നമസ്കാരത്തിന് സമാനമായ ആസനങ്ങൾ ചെയ്യാൻ ജബൂർ തദ്‌വി നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ചില ഗ്രാമവാസികളും രക്ഷിതാക്കളും സ്കൂളിന് പരാതി നൽകുകയായിരുന്നു. തുടർന്ന്, പ്രതിഷേധം രൂക്ഷമായതോടെ, പ്രിൻസിപ്പൽ ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് പരാതി കൈമാറി. ഇതിന് പിന്നാലെ, അധ്യാപകനെ പുറത്താക്കിയ ഡി.ഇ.ഒ വിഷയം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിറക്കുകയായിരുന്നു.
വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധ്യാപകനെ പുറത്താക്കിയതായും ബുറാൻപൂർ അഡീഷണൽ കലക്ടർ വീർ സിങ് ചൗഹാനും വ്യക്തമാക്കി.
അതേസമയം, അധ്യാപകന്റെ നടപടികൾ മനഃപൂർവമാണെന്ന് ഹിന്ദു ജാഗരൺ മഞ്ച് ജില്ല കോർഡിനേറ്റർ അജിത് പർദേശി ആരോപിച്ചു. യോഗയുടെ പേരിൽ സർക്കാർ സ്കൂളിലെ അധ്യാപകൻ ഇസ്‍ലാമിക നമസ്കാരത്തോട് സമാനമായ ആസനങ്ങൾ കുട്ടികളെ അഭ്യസിപ്പിക്കുന്നത് ശരിയല്ല. വിഷയം വിദ്യാർഥികളോട് താൻ നേരിട്ട് ചോദിച്ചറിഞ്ഞതാണ്. അധ്യാപകന്റെ നടപടിയിൽ ഹൈന്ദവ വികാരം വൃണപ്പെട്ടു, ഇത് തെറ്റാണെന്നും അജിത് പർദേശി കുട്ടിച്ചേർത്തു.
അതേസമയം, സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജബൂർ തദ്‍വി വ്യക്തമാക്കി. സർക്കാർ നിർദേശപ്രകാരമാണ് യോഗ അഭ്യസിപ്പിക്കാൻ തുടങ്ങിയത്. ശശാങ്കാസനയിലെ നമസ്കാരവുമായി സാമ്യമുള്ള ഒരു ആസനമാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചത്. തന്നെ കേൾക്കാതെ ഏകപക്ഷീയമായായിരുന്നു പുറത്താക്കൽ നടപടിയെന്നും തദ്‍വി വ്യക്തമാക്കി.


